NEWS
ഡൽഹി എസ്ഐആർ തീയതി നീട്ടി; ഫോം 6ൽ വിശദീകരണം: വിവാദങ്ങൾക്കിടെ യോഗം ചേർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി∙ വിവാദങ്ങൾ തുടരവേ നിർണായക യോഗം ചേർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഭിന്നതയെന്ന ആരോപണങ്ങളെ ശരിവച്ചുകൊണ്ടും തുടർനടപടികൾ ഉറപ്പാക്കിക്കൊണ്ടുമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബിർ സിങ് സന്ധു, വിവേക് ജോഷി എന്നിവർ പങ്കെടുത്ത യോഗം അവസാനിച്ചത്. സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) സംബന്ധിച്ച പരാതികളും രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ ഉന്നയിച്ച വിയോജിപ്പുകളും യോഗത്തിൽ ചർച്ചയായി. രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ എസ്ഐആർ സംബന്ധിച്ച് വിയോജിപ്പ് അറിയിച്ചിരുന്നെന്ന ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിനു പിന്നാലെ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുമ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.പുതിയ വോട്ടർമാരുടെ എൻറോൾമെന്റിന് ഉപയോഗിക്കുന്ന ഫോം 6ലെ മാറ്റങ്ങൾ, ഇസിഐ നെറ്റിന്റെ പ്രവർത്തനം, ഐടി വിഭാഗത്തിന്റെ പ്രവർത്തനം, ബംഗാളിലെ എസ്ഐആർ, ഗോവയിലെ വോട്ടർമാരുമായി ബന്ധപ്പെട്ട കേസുകൾ എന്നിവയിൽ വിവേക് ജോഷിയും സന്ധുവും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു എന്നായിരുന്നു ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട്. എസ്ഐആർ നടപടിക്കിടെ ഏതെങ്കിലും വോട്ടർമാർക്ക് നോട്ടിസ് ലഭിച്ചിട്ടുണ്ടെങ്കിൽ ആ വോട്ടർമാരുടെ വീടുകളിൽ ബിഎൽഒമാർ നേരിട്ടെത്തി രേഖകൾ ശേഖരിക്കാനും തുടർന്ന് ഇത് ഇസിഐ നെറ്റ് പോർട്ടലിൽ അപ്ലോഡ് ചെയ്യാനും യോഗത്തിൽ തീരുമാനമായി. അതായത്, നോട്ടിസ് ലഭിച്ച വ്യക്തികൾ തിരഞ്ഞെടുപ്പ് റജിസ്ട്രേഷൻ ഓഫിസർമാരുടെ മുന്നിൽ ഹിയറിങ്ങിന് ഹാജരാകേണ്ടതില്ല. ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രം ഹിയറിങ് ഓൺലൈനായി നടത്താം. വോട്ടർ സ്ഥലത്തില്ലാത്ത സാഹചര്യത്തിൽ കുടുംബത്തിലെ പ്രായപൂർത്തിയായ അംഗത്തിന് അദ്ദേഹത്തിനുവേണ്ടി ഹിയറിങ്ങിന് ഹാജരാകാമെന്നും യോഗത്തിൽ തീരുമാനമായി.ഗോവയിൽ 97 വോട്ടർമാരെ പട്ടികയിൽ ചേർക്കാൻ വിട്ടുപോയ സംഭവത്തിൽ ബൂത്ത് ലെവൽ ഓഫിസർമാർ നേരിട്ട് വീടുകളിലെത്തി അവരിൽനിന്ന് ഫോം സ്വീകരിക്കുമെന്നും കമ്മിഷന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. ഡൽഹിയിൽ എസ്ഐആർ നടപടികളിൽ പരാതി അറിയിക്കാനുള്ള തീയതി ഒക്ടോബർ 30 വരെ നീട്ടിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഒക്ടോബർ 12 വരെയും സമയം നീട്ടി നൽകി.
Fashion ⏭️




