NEWS

എല്ലാം ‘തമ്പുരാന്റെ’ ഭാഗ്യം…; സുജിത് ത്രില്ലിലാണ്, കുടുംബവും; 30 കോടി പോയ വഴിതേടി നാട്


കണ്ണൂർ∙ എല്ലാ കണ്ണുകളും കണ്ണൂരിലേക്ക്… കണ്ണൂർ ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസി തളിപ്പറമ്പിലെ തമ്പുരാൻ ഏജൻസിക്ക് വിറ്റ TL 360615 എന്ന ടിക്കറ്റിനാണ് തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം ലഭിച്ചത്. പുതുവത്സര ബംപറും ഈ ഏജൻസി വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്.കഴിഞ്ഞ മാസമാണ് മുത്തു ഏജൻസി ടിക്കറ്റ് വിറ്റത്. ഭാഗ്യശാലി ആരാണെന്ന് കണ്ടെത്താനായിട്ടില്ല. തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിനാണെന്ന് മാത്രമേ ഏജൻസിക്കും അറിയൂ. ഒന്നാം സമ്മാനം അടിച്ചതറിഞ്ഞ് നിരവധിപേരാണ് മുത്തു ലോട്ടറി ഏജൻസിയിലേക്ക് എത്തിയത്. ജീവനക്കാർ മധുരം വിതരണം ചെയ്തു. കോർട്ട് റോഡിൽ ടിക്കറ്റ് വിൽക്കുന്ന സുജിത്താണ് സമ്മാനം നേടിയ ടിക്കറ്റ് വിറ്റത്. ‘ ഒന്നാം സമ്മാനം നേടിയ ടിക്കറ്റിന്റെ അവസാന അക്കം 15 ആണ്. അതിനു മുൻപും ശേഷവും വിറ്റ ടിക്കറ്റുകൾ വിറ്റത് ആർക്കാണെന്ന് അറിയാം. ഈ ടിക്കറ്റ് വിറ്റത് ആർക്കാണെന്ന് അറിയില്ല. തളിപ്പറമ്പ് കോർട്ട് റോഡിലാണ് ടിക്കറ്റ് വിറ്റത്’–സുജിത് പറഞ്ഞു.മൊത്തം സമ്മാനത്തുകയുടെ 10 ശതമാനം ഏജന്റ് കമ്മിഷനായി കുറച്ചശേഷം, ബാക്കി തുകയുടെ 30 ശതമാനം സർക്കാരിലേക്ക് നികുതിയായി ഈടാക്കും. ഉദാഹരണത്തിന്, ഓണം ബംപറിന്റെ ഒന്നാം സമ്മാനമായ 30 കോടി രൂപ അടിച്ചാൽ മൂന്ന് കോടി രൂപ (10 ശതമാനം) ഏജന്റ് കമ്മിഷനായി നൽകണം. ബാക്കിയുള്ള 27 കോടി രൂപയുടെ 30 ശതമാനം സർക്കാരിലേക്ക് നികുതിയായി (ടിഡിഎസ്) അടയ്ക്കണം. അതായത് 8.10 കോടി രൂപ. ഈ കുറവുകൾക്കെല്ലാം ശേഷം ബാക്കി 18.90 കോടി രൂപ വരും. ടിഡിഎസിന്റെ 25 ശതമാനം (2.025 കോടി രൂപ) സർചാർജായും, സർചാർജ് തുകയുടെ നാലു ശതമാനം ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസ് ആയും കൊടുക്കണം (40.50 ലക്ഷം രൂപ). അതായത് ആകെ 10.53 കോടി രൂപ നികുതിയായി നൽകണം. 16.47 കോടി രൂപയാകും സമ്മാനാർഹന് ലഭിക്കുക.


Fashion ⏭️

Back to top button