NEWS

‘കഥകൾ മെനയാനുള്ള ഭാവന എനിക്കില്ല,​ ഞാൻ എന്തായിരുന്നോ ആ എന്നിൽ അന്നും ഇന്നും ഞാൻ തൃപ്തയായിരുന്നു’

ഗൗരി സാവിത്രി

മോഡലിംഗിലും അഭിനയത്തിലും തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ട്രാൻസ് വുമണായ ഗൗരി സാവിത്രി. സാഹിത്യത്തിലും

സജീവമാണ് ഗൗരി. വായനയിലേക്ക് കൈപിടിച്ചു നടത്തിയ മുത്തശ്ശിയുടെ ഓർമകളും ബഷീറിന്റെയും മാധവിക്കുട്ടിയുടെയും എഴുത്തും ഗൗരിയുടെ എഴുത്തുജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. സ്വന്തം സ്വത്വത്തിനപ്പുറം മനുഷ്യബന്ധങ്ങളെയും പ്രണയത്തെയും പ്രതീക്ഷയെയും ജീവിതത്തിലെ സങ്കീർണതകളെയും എഴുത്തിലൂടെ അടയാളപ്പെടുത്തുകയാണ് ഗൗരി. പുതിയ പുസ്തകമായ ‘ദി ലാസ്റ്റ് പീസ് ഓഫ് ബനാന ചിപ്സ്’ രവീണയുടെയും വിശാലിന്റെയും പ്രണയത്തിലൂടെ പ്രതീക്ഷയും അഭയവും നഷ്ടവും നിസഹായതയും പറയുന്ന കഥയാണ്. എഴുത്തിലേക്കുള്ള യാത്രയും പുതിയ പുസ്തകത്തിന്റെ പിറവിയും ജീവിതവീക്ഷണങ്ങളും കേരളകൗമുദി ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് ഗൗരി സാവിത്രി.

മോഡലിംഗ്, സിനിമ ആഗ്രഹങ്ങൾ ഒന്നും എനിക്കുണ്ടായിരുന്നില്ല

ട്രാൻസ് ജൻഡർ പോളിസി കേരളത്തിൽ പ്രാബല്യത്തിൽ വന്ന ശേഷമുള്ള ആദ്യത്തെ പ്രധാനപ്പെട്ട ക്യാമ്പയിൻ ആയിരുന്നു റെഡ് ലോട്ടസിന്റെ ‘റെയിൻബോ സാരി കളക്ഷൻ’. വളരെ ആകസ്മികമായി ഞാൻ അതിലേക്ക് എത്തിപ്പെടുകയായിരുന്നു. അല്ലാതെ മോഡലിംഗ്, സിനിമ ആഗ്രഹങ്ങൾ ഒന്നും എനിക്കുണ്ടായിരുന്നില്ല. ‘ആദ്യത്തെ ട്രാൻസ് വുമൺ സാരി മോഡൽ’ എന്ന തുടക്കസമയത്ത് ലഭിച്ച പ്രശസ്തി എന്നിൽ ആവേശത്തേക്കാൾ കൂടുതൽ ആശങ്കളാണ് സൃഷ്ടിച്ചത്! സ്വകാര്യതയും ഒതുങ്ങിയ ജീവിതവും വിലപ്പെട്ടതായി ഞാൻ കരുതിയിരുന്നു. മോഡലിംഗും സിനിമയും എന്റെ മേഖലയല്ല എന്ന് തിരിച്ചറിഞ്ഞ സമയം മുതലാണ് ഞാൻ എഴുത്തിനെ ഗൗരവതരമായി കാണാൻ തുടങ്ങിയത് എന്നതാണ് സത്യം.

ഗൗരി മുത്തശ്ശി

സത്യത്തിൽ ഗൗരി മുത്തശ്ശി പരന്ന വായനയുള്ള ഒരു വ്യക്തി അല്ലായിരുന്നു. അവർ പുസ്തകങ്ങളെ അത്രയേറെയൊന്നും സ്‌നേഹിച്ചിരുന്നില്ല എന്നതും സത്യമാണ്! പക്ഷേ അവർ ഒരു മികച്ച സ്റ്റോറി ടെല്ലർ ആയിരുന്നു. മുത്തശ്ശിയുടെ കഥകൾ കേവലം ഭാവനാസൃഷ്ടികളോ സാങ്കൽപ്പികങ്ങളോ ആയിരുന്നില്ല. ചുറ്റുമുള്ള മനുഷ്യരെയും അവരുടെ ലോകത്തെ സൂക്ഷ്മദർശനം കൊണ്ടു മാത്രം വെളിപ്പെടുന്ന കുഞ്ഞു കുഞ്ഞു രഹസ്യങ്ങളെയും കുറിച്ച് ആയിരുന്നു അവർ സംസാരിച്ചിരുന്നത്. മുത്തശ്ശി കാര്യങ്ങൾ വിവരിക്കുമ്പോൾ എന്റെ മനസിൽ ചിത്രങ്ങൾ പോലെ അത് പതിയുമായിരുന്നു. തീർച്ചയായും ഗൗരിമുത്തശ്ശിയുടെ അതിഭീകര കഥപറച്ചിലാണ്. അതിന്റെ ഒളി മങ്ങാത്ത ഓർമ്മകളാണ് എന്നെ ഒരു എഴുത്തുകാരിയാക്കിയത്.

ഞാൻ ആദ്യമായി വായിച്ചറിഞ്ഞ സാഹിത്യകാരൻ

വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലെ ‘വൈക്കം’ തന്നെ എന്നിൽ കൗതുകമുണർത്തിയ ഒന്നായിരുന്നു! കാരണം എന്റെ അമ്മവീടായ വൈക്കത്തുള്ള സ്‌കൂളിലാണ് ഞാൻ പത്താംതരം പഠിച്ചത്. മാത്രമല്ല ബഷീറിന്റെ ‘പാത്തുമ്മായുടെ ആട്’ ഞങ്ങൾക്ക് ഒരു പാഠപുസ്തകമായിതന്നെ സിലബസിൽ ഉണ്ടായിരുന്നു. അദ്ദേഹമാണ് ഞാൻ ആദ്യമായി വായിച്ചറിഞ്ഞ സാഹിത്യകാരൻ. മുതിർന്നപ്പോൾ മാത്രമാണ് ഞാൻ മാധവിക്കുട്ടിയുടെ കൃതികൾ വയിച്ചുതുടങ്ങിയത്.
ബഷീറിയൻ സാഹിത്യത്തിലെ അതിലാളിത്യവും., മാധവിക്കുട്ടിയുടെ രചനകളിലെ ലാവണ്യത്തികവും, കാല്പനികഭംഗിയും എന്നെ ഒരുപോലെ സ്വാധീനിച്ചു. മാധവിക്കുട്ടിയുടെ പൊതുവായി പ്രശസ്ത്തി നേടിയ കൃതികളെക്കാൾ ‘പക്ഷിയുടെ മണം’ എനിക്കേറെ പ്രിയപ്പെട്ട ഒരു സൃഷ്ടിയാണ്.

ആദ്യപുസ്തകം

ശരിക്കും എന്റെ കുട്ടിക്കാലത്തെ യാത്രകളും മുത്തശ്ശിക്കൊപ്പമുള്ള ഓർമകളും ചേർത്ത് വച്ച് എഴുതിയ ഒന്നാണ് ‘ഗൗരീപഥം’ മെന്ന എന്റെ ആദ്യപുസ്തകം.
എല്ലായ്‌പ്പോഴും എന്തെങ്കിലും വായനക്കാരോടു സംവദിക്കുക എന്നതിനേക്കാൾ ‘എന്റെ ജീവിതത്തിൽ ഞാൻ കടന്നുവന്ന വഴികൾ ഇതാണെന്ന്’ വെറുതെ പറഞ്ഞുവയ്ക്കുക മത്രമാണ് ഞാൻ ചെയ്തതെന്ന് തോന്നുന്നു!

ട്രാൻസ് ജൻഡർ എന്ന സ്വത്വബോധം

‘ട്രാൻസ് ജൻഡർ’ എന്ന എന്റെ സ്വത്വബോധം എന്റെ എഴുത്തിനെ അനുകൂലമായോ പ്രതികൂലമായോ ഏതെങ്കിലും രീതിയിൽ സ്വാധീനിച്ചു എന്ന് എനിക്ക് അനുഭവപ്പെട്ടിട്ടില്ല. എന്റെ എഴുത്തുകൾ ഒരിക്കലും എന്റെ സ്വത്വാകുലതകളെക്കുറിച്ച് അല്ലായിരുന്നല്ലോ! മാത്രമല്ല ഞാൻ എന്തായിരുന്നോ ആ എന്നിൽ അന്നും ഇന്നും ഞാൻ ഏറെയും തൃപ്തയായിരുന്നു.

അനുഭവങ്ങളിൽ കഥകൾ മെനയാനുള്ള ഭാവനാസിദ്ധിയില്ല

ഞാൻ അനുഭവിച്ചറിഞ്ഞതും, കേട്ട കഥകളും അതേപടി പകർത്തുകയാണ് എന്റെ രീതി. അതുമാത്രമാണ് ഞാനിതുവരെ ചെയ്തതും.
അനുഭവങ്ങളിൽ നിന്നും കഥകൾ മെനയാനുള്ള ഭാവനാസിദ്ധി എനിക്ക് ലഭിച്ചിട്ടില്ല എന്നുതന്നെയാണ് വിശ്വാസം!

എന്റെ തന്നെ പകർത്തിയെഴുത്ത്

ഒന്ന് തൊഴിലും മറ്റൊന്ന് എന്റെ തന്നെ ഒരു പകർത്തിയെഴുത്തും ആണെന്നാണ് തോന്നുന്നത്. എഴുത്തിലൂടെ ഞാൻ എന്റെ ഓർമ്മകളെ ഒരുതരത്തിൽ സ്വതന്ത്രമാക്കുകയും., മറ്റൊരു തരത്തിൽ അവയെ തിരിച്ചുപിടിക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നതെന്ന് തോന്നാറുണ്ട്!

ഇനിയന്ത്?’ എന്നത് ആശങ്കയല്ല കൗതുകമാണ്

അടുത്ത അദ്ധ്യായത്തിൽ എന്തെഴുതും എന്ന ഒരുതരം ‘അനിശ്ചിതത്വം’ എന്റെ ജീവിതത്തിലുടനീളം വീണുകിടക്കുന്നുണ്ട് എന്ന് തോന്നാറുണ്ട്. ‘ഇനിയന്ത്?’ എന്നത് എന്നെ സംബന്ധിച്ച് ഒരു ആശങ്കയല്ല., ഒരുതരം കൗതുകം മാത്രം!

‘ദി ലാസ്റ്റ് പീസ് ഓഫ് ബനാന ചിപ്സ്’

ഗൗരി മുത്തശ്ശിയുടെ തറവാട്ടിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ‘ദി ലാസ്റ്റ് പീസ് ഓഫ് ബനാന ചിപ്സ്’ എഴുതിയത്. ആകുലതകൾ പേറുന്ന മനുഷ്യർക്ക് ‘പ്രണയം’ എല്ലായ്‌പ്പോഴും പ്രതീക്ഷയുടെ ഇത്തിരിവെട്ടം തന്നെയാണ് എന്നുതന്നെ എനിക്ക് തോന്നാറുണ്ട്. പിന്നെ ഇതൊരു വ്യക്തിപരമായ അനുഭവങ്ങളുടെ കഥാവിഷ്‌ക്കാരം അല്ല. മറിച്ച് സംഭവിച്ച കാര്യങ്ങളെ ഞാൻ എന്റെ ആക്ഷരങ്ങളിലൂടെ വരച്ചിടുക മാത്രമാണ് ചെയ്തത്.

ആ പേരിന്റെ പിന്നിലെ ‘കഥ’.

രവീണയും വിശാലുമൊക്കെ ഒരിക്കൽ, മറ്റൊരു കാലഘട്ടത്തിൽ മറ്റ് പേരുകളിൽ ശരിക്കും ജീവിച്ചിരുന്നു. സത്യത്തിൽ എഴുത്ത് പൂർത്തീകരിച്ച ശേഷം അതിന് പേരിടുകയല്ലായിരുന്നു., മറിച്ച് ‘ദി ലാസ്റ്റ് പീസ് ഓഫ് ബനാന ചിപ്സ്’ എന്ന ‘ശീർഷക’ത്തിൽ നിന്നാണ് ഞാൻ ഈ പുസ്തകം എഴുതാൻ തുടങ്ങിയത് തന്നെ. പേരിലെ കൗതുകം ഒരുപാട് പേർ ചോദിച്ച ഒന്നാണ്! അവസാന താളും പൂർത്തിയാക്കുമ്പോൾ മാത്രം വായനക്കാർക്ക് മനസ്സിലാവുന്ന ഒന്നായിരിക്കും ആ പേരിന്റെ പിന്നിലെ ‘കഥ’.
RELATED TOPICS: INTERVIEW, GOWRI SAVITHRI, LATESTNEWS, KERALA SPECIAL, TRANS WOMAN

Read News ⏭️

Back to top button