NEWS

സ്വകാര്യ ചിത്രം എഐ ഉപയോഗിച്ച് മോർഫ് ചെയ്തു, സിജെപി നേതാക്കൾക്കെതിരെ യുവതിയുടെ പരാതി; കേസെടുത്ത് പൊലീസ്


ന്യൂഡൽഹി ∙ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടെ തന്റെ ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഫെയ്സ് സ്വാപ്പ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വ്യാജമായി നിർമിച്ച് അപകീർത്തിപ്പെടുത്തിയെന്ന് യുവതിയുടെ പരാതി. തിരിച്ചറിയാത്ത അജ്ഞാത വ്യക്തികൾക്ക് എതിരെ ഡൽഹി പൊലീസ് കേസെടുത്തു. പരാതിയിൽ സിജെപി നേതാക്കളുടെ പേര് പരാമർശിക്കുന്നുണ്ടെങ്കിലും എഫ്ഐആറിൽ ഇവരെ പ്രതി ചേർത്തിട്ടില്ല.തന്റെ യഥാർഥ ചിത്രം എഐ സാങ്കേതികവിദ്യ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തോടൊപ്പം ചേർത്ത് മോർഫ് ചെയ്യുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. വ്യാജമായി നിർമിച്ച ചിത്രം സമരവേദിയിലെ ബാനറുകളിലും പോസ്റ്ററുകളിലും ഉപയോഗിച്ചതായും ചിത്രത്തെ മുൻനിർത്തി സമരക്കാർ അശ്ലീല മുദ്രാവാക്യങ്ങൾ വിളിച്ചതായും യുവതി പറയുന്നു. ഇതിനുപുറമെ, തന്റെ ചിത്രം ഉൾപ്പെടുത്തിയുള്ള വിഡിയോ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.


Fashion ⏭️

Back to top button