മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ ഡ്രൈവർക്കും യാത്രക്കാർക്കും സീറ്റ്ബെൽറ്റ് നിർബന്ധമാക്കണം; എംഡിക്ക് കത്ത് നൽകി എംഎൽഎ

അബിൻ വർക്കി, പ്രമോജ് ശങ്കർ
തിരുവനന്തപുരം: സംസ്ഥാനത്ത് ദീർഘദൂര യാത്രകൾ നടത്തുന്ന കെഎസ്ആർടിസി സ്വിഫ്റ്റ്, മിന്നൽ ബസുകളിൽ ഡ്രൈവർക്കും യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കറിന് കത്ത് നൽകി അബിൻ വർക്കി എംഎൽഎ.
ലിമിറ്റഡ് സ്റ്റോപ്പുകളോടെ സ്റ്റേറ്റ് – നാഷണൽ ഹൈവേകളിൽ കൂടിയ വേഗതയിൽ സർവീസ് നടത്തുന്ന മിന്നൽ ബസുകൾ ചുരുങ്ങിയ സമയംകൊണ്ട് ജനപ്രീതി നേടിയവയാണ്. എന്നാൽ, രാത്രികാലങ്ങളിലെ അതിവേഗ യാത്രയും ദേശീയപാതകളിലെ സാഹചര്യങ്ങളും കണക്കിലെടുത്ത് യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷ അതീവ പ്രധാനമാണെന്ന് അബിൻ വർക്കി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പെട്ടെന്ന് ബ്രേക്കിടുന്നത് അപകടങ്ങൾക്കും വലിയ പരിക്കുകൾക്കും കാരണമാകാൻ സാദ്ധ്യതയുള്ളതിനാൽ സുരക്ഷ മുൻനിർത്തി മിന്നൽ ബസിലെ എല്ലാ സീറ്റുകളിലും മികച്ച നിലവാരമുള്ള സീറ്റ് ബെൽറ്റ് ഉറപ്പാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. മാത്രമല്ല, യാത്രയിലുടനീളം സീറ്റ്ബെൽറ്റ് ധരിക്കുന്നത് കർശനമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തിലുണ്ട്. അടിയന്തര പ്രാധാന്യത്തോടെ കത്ത് പരിഗണിക്കുമെന്ന് കെഎസ്ആർടിസി എംഡി ഉറപ്പുനൽകിയതായും എംഎൽഎ അറിയിച്ചു.
English Summary
MLA Abin Varkey has urged the KSRTC Managing Director to make seat belts mandatory for drivers and passengers on long-distance KSRTC Swift and Minnal buses. He cited safety concerns related to high-speed and nighttime travel, calling for quality seat belts on all seats and stricter enforcement throughout journeys.
RELATED TOPICS: KSRTC SWIFT SEAT BELT, MINNAL BUS SAFETY, ABIN VARKEY MLA, KSRTC BUS SAFETY, KERALA BUS NEWS
Read News ⏭️




