NEWS

അഭിമന്യു കൊലക്കേസ്: രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി


കൊച്ചി ∙ മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി വിചാരണക്കോടതി തള്ളി. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.കെ.ബാലകൃഷ്ണനാണ് ഹർജി തള്ളിയത്. ഇതോടെ കേസിന്റെ വിചാരണ നടപടികൾ ഒക്ടോബർ 15ന് ആരംഭിക്കും.മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും കോടതിമുറിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്നും തങ്ങളുടെ ഫോട്ടോ എടുക്കുന്നത് തടയണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന ആവശ്യം. പരസ്യ വിചാരണ ഭാവി ജീവിതത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രതികൾ വാദിച്ചു. മഹാരാജാസ് കോളജിന് സമീപമാണ് കോടതി സ്ഥിതി ചെയ്യുന്നത് എന്നതിനാൽ വിദ്യാർഥികൾ തടിച്ചുകൂടുന്നത് തടയണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 13ന് കേസ് പരിഗണിച്ചപ്പോൾ 16 പ്രതികളും കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. ജൂലൈ 6ന് കോടതി കുറ്റം ചുമത്തിയപ്പോൾ 16 പ്രതികളും കുറ്റം നിഷേധിച്ചിരുന്നു. കൊലപാതകം, മാരകായുധങ്ങൾ ഉപയോഗിച്ച് പരുക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ, ലഹളയുണ്ടാക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിലെ 6 പ്രതികൾ നൽകിയ വിടുതൽ ഹർജികളും മുൻപ് കോടതി തള്ളിയിരുന്നു. 


Fashion ⏭️

Back to top button