ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസ് എംഎൽഎയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്തിനും കെപിസിസിയുടെ താക്കീത്

രമ്യ ഹരിദാസ്
തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ രമ്യഹരിദാസ് എംഎൽഎയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പലത്തിനും കെപിസിസിയുടെ താക്കീത്. കോൺഗ്രസിന് വലിയ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ മുൻ കെപിസിസി അദ്ധ്യക്ഷൻ എംഎം ഹസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സിമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്നും വിഷയത്തിൽ മാദ്ധ്യമങ്ങൾക്ക് മുന്നിലോ അല്ലാതെയോ യാതൊരുവിധ പ്രതികരണങ്ങളും നടത്തരുതെന്നും രമ്യഹരിദാസ് അടക്കമുള്ള നേതാക്കൾക്ക് കർശന നിർദേശവും നൽകി. പൊലീസിൽ നൽകിയ കേസുകൾ ഉടൻ പിൻവലിക്കണമെന്നും രമ്യഹരിദാസിനോടും സജിത്തിനോടും കെപിസിസി ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റിനെയോ പ്രാദേശിക നേതൃത്വത്തെയോ അറിയിക്കാതെ പൊലീസിനെ സമീപിച്ചതിൽ എംഎൽഎയ്ക്കെതിരെയും എതിർവിഭാഗത്തിനെതിരെയും അന്വേഷണ സിമിതി അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം. വിവാദങ്ങൾക്ക് വഴിവച്ച രമ്യഹരിദാസിന്റെ സഹായി പാളയം പ്രദീപിനെ എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തരുതെന്നും കെപിസിസിയുടെ കർശന നിർദേശമുണ്ട്.
പാളയം പ്രദീപിനെയും സജിത്തിനൊപ്പമുണ്ടായിരുന്ന പ്രാദേശിക നേതാവ് സജാദിനെയും നേരത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ചിറയൻകീഴിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വവും എംഎൽഎയും തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാൻ നാലംഗ സമിതിയേയും നിയോഗിച്ചു. പാലോട് രവി, എം വിൻസന്റ്, നെയ്യാറ്റിൻകര സനൽ, കെ ശബരീനാഥൻ എന്നിവരടങ്ങുന്ന സമിതി ഇരുവിഭാഗത്തെയും വിളിച്ചുവരുത്തി അനുരഞ്ജന ചർച്ചകൾ നടത്തുമെന്നാണ് വിവരം.
English Summary
KPCC warned MLA Remya Haridas and District Panchayat member Sajith Muttappalam over the Chirayinkeezh altercation controversy. Based on an inquiry report, they were instructed not to repeat incidents, avoid media comments, and withdraw police cases. The party also directed against including Palayam Pradeep in Haridas’s staff. A four-member committee will resolve local disputes.
RELATED TOPICS: CHIRAYINKEEZHU CONGRESS, RAMYA HARIDAS CONTROVERSY, KPCC, CONGRESS WARNING
Read News ⏭️




