NEWS

സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം; റിജോൺ ജോസ്, ഇതു വല്ലാത്ത മടക്കം


കോഴിക്കോട്∙ സൂപ്പർലീഗ് കേരള ഫുട്ബോളിൽ വീണ്ടും കാലിക്കറ്റ് എഫ്സിയുടെ ബൂട്ട് അണിയുന്നതിന്റെ ആവേശത്തിലിരിക്കുമ്പോഴാണ് ഡിഫൻഡർ റിജോൺ ജോസിന്റെ അപ്രതീക്ഷിത വിയോഗം. 18ന് കടപ്പുറത്തെ വേദിയിൽ ടീമിന്റെ പുതിയ ജഴ്സിയണിഞ്ഞ് ആവേശത്തോടെ വേദിയിലെത്തി ആരാധകരെ കൈവീശിക്കാണിച്ച നാലാം നമ്പറുകാരൻ ഇനിയില്ല. കാലിക്കറ്റ് സർവകാലാശാല ടീമിന്റെ മികച്ച ഡിഫൻഡറായിരുന്ന റിജോണിന്റെ കൊൽക്കത്തയിലെയും കർണാടകയിലെയും പ്രകടനം കണ്ടാണ് ആദ്യ സീസണിൽ കാലിക്കറ്റ് എഫ്സിയിലേക്ക് ടീം അധികൃതർ കൊണ്ടുവന്നത്. പ്രതിരോധത്തിൽ കരുത്തുകാണിച്ച് റിജോൺ ആരാധകരുടെ മനം കവർന്നു. ഒടുവിൽ ചാംപ്യൻമാരായപ്പോൾ വെള്ളിക്കപ്പും കയ്യിലേന്തിയുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. രാത്രി പെയ്ത മഴയിലുണ്ടായ അപകടത്തിൽ പരുക്കേറ്റ ഫുട്ബോൾ താരങ്ങൾ റോഡിൽ കിടന്നത് അരമണിക്കൂറിലധികം നേരമാണ്. വാഹനങ്ങൾ അതുവഴി പോയെങ്കിലും ആരും സഹായത്തിന് എത്തിയില്ല. രാത്രി 10.40ന് അപകടമുണ്ടായെങ്കിലും 11.20ന് പൊലീസ് എത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പന്ത്രണ്ടരയോടെ റിജോണിനു ജീവൻ നഷ്ടമായി.


Fashion ⏭️

Back to top button