NEWS
ഭാര്യയ്ക്കും മകൾക്കും ട്രെയിനിൽ കയറാനായില്ല, പിന്നാലെ അപായച്ചങ്ങല വലിച്ചു; റിട്ട. റെയിൽവേ സൂപ്രണ്ടിനു സമൻസ്

പാലക്കാട് ∙ അപായച്ചങ്ങല വലിച്ചു ട്രെയിൻ നിർത്തിയതിനു റിട്ട. റെയിൽവേ സൂപ്രണ്ടിനു സമൻസ്. കോഴിക്കോട് നാദാപുരം വലിയപുരയിൽ വിജയനാണു നാളെ ഷൊർണൂർ റെയിൽവേ കോടതിയിൽ ഹാജരാകാൻ സമൻസ് ലഭിച്ചത്. ജൂൺ 15ന് എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിൽ ആലുവയിൽ നിന്നു കയറാൻ ഡി1 കോച്ചിൽ റിസർവ് ചെയ്ത വിജയനും ഭാര്യയും മകളും ഡിസ്പ്ലേ ബോർഡിൽ പറഞ്ഞ സ്ഥലത്താണു കാത്തുനിന്നത്. എന്നാൽ, ട്രെയിൻ ഈ ഭാഗത്തല്ല നിർത്തിയത്. ജനറൽ കോച്ച് വരേണ്ട സ്ഥലത്തായിരുന്നു ഡി1 കോച്ച് എന്നതിനാൽ റിസർവ് ചെയ്യാത്ത യാത്രക്കാർ പലരും കോച്ചിൽ കയറുകയും തിരിച്ചിറങ്ങുകയും ചെയ്തു. ഒരു മിനിറ്റിനു ശേഷം ട്രെയിൻ മുന്നോട്ടുനീങ്ങുന്നതിനിടെ വിജയൻ കയറിയെങ്കിലും ഭാര്യയ്ക്കും മകൾക്കും കയറാനായില്ല. അതോടെ ചെയിൻ വലിച്ചു ട്രെയിൻ നിർത്തുകയായിരുന്നു.ഡിസ്പ്ലേ ബോർഡിൽ പറഞ്ഞതിൽ നിന്നു വ്യത്യസ്തമായാണു ട്രെയിൻ നിർത്തിയതെന്നും രണ്ടു മിനിറ്റ് സ്റ്റോപ്പുള്ള ട്രെയിൻ ഒരു മിനിറ്റ് മാത്രമാണു സ്റ്റേഷനിൽ നിർത്തിയതെന്നും ഇതിന്റെ തെളിവുകൾ അന്നുതന്നെ നാഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിൽ (എൻടിഇഎസ്) നിന്നു ശേഖരിച്ചിട്ടുണ്ടെന്നും വിജയൻ പറഞ്ഞു.
Fashion ⏭️




