NEWS

‘ബ്ലോക്ബസ്റ്റർ’ ഐപിഒയ്ക്ക് 5.6 മടങ്ങ് അപേക്ഷകർ, ജിഎംപി കുത്തനെ ഇടിഞ്ഞു, എൻഎസ്ഇ ഓഹരികളെ കാത്ത് ‘നെഗറ്റീവ് ലിസ്റ്റിങ്’?


നിക്ഷേപകർ ഏറെക്കാലമായി കാത്തിരുന്ന നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) അപേക്ഷിക്കാൻ അവസാന ദിനത്തിലും വൻ തിരക്ക്. 22,568.94 കോടി സമാഹരിച്ചിട്ടും മൂന്നു ദിവസം കൊണ്ട് ലഭിച്ചത് 5.62 മടങ്ങ് അപേക്ഷകൾ. യോഗ്യരായ സ്ഥാപക നിക്ഷേപകരാണ് (ക്യൂഐബി) അപേക്ഷയിൽ മുന്നിൽ. ലഭ്യമായ ഓഹരികളുടെ 12.65 മടങ്ങ് അപേക്ഷകളാണ് ഇവരിൽ നിന്ന് ലഭിച്ചത്. ചില്ലറ നിക്ഷേപകർക്കായി 4.41 കോടി ഓഹരികളാണ് നീക്കിവച്ചിരുന്നത്. ലഭിച്ചത് 5.51 കോടി അപേക്ഷകളും. 1.25 മടങ്ങ് കൂടുതൽ. സെപ്റ്റംബർ 17നാണ് എൻഎസ്ഇ ഐപിഒ തുടങ്ങിയത്. രണ്ടാമത്തെ ദിവസം തന്നെ പൂർണമായും സബ്സ്ക്രൈബ് ചെയ്തിരുന്നു. 1700-1785 രൂപ നിരക്കിലാണ് ഐപിഒയുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരുന്നത്. സെപ്റ്റംബർ 22നാണ് ഓഹരികളുടെ അലോട്ട്മെന്റ് നടക്കുക. സെപ്റ്റംബർ 24ന് ഓഹരികൾ വിപണിയിൽ‍ ലിസ്റ്റ് ചെയ്യും. രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ വലിയ ഐപിഒയാണിത്. 2024ൽ ഹ്യൂണ്ടായ് മോട്ടോർസ് നടത്തിയ 27,870 കോടിയുടെ ഐപിഒയ്ക്കാണ് ഒന്നാം സ്ഥാനം. ലിസ്റ്റിങ് നെഗറ്റീവിലേക്ക്? അതേസമയം, എൻഎസ്ഇ ഓഹരികൾ പ്രതീക്ഷിച്ചതിലും കുറഞ്ഞ നേട്ടത്തിൽ ലിസ്റ്റ് ചെയ്യുമോയെന്ന ആശങ്കയിലാണ് നിലവിൽ നിക്ഷേപകർ. 155 രൂപയിലുണ്ടായിരുന്ന എൻഎസ്ഇ ഐപിഒയുടെ ഗ്രേ മാർ‍ക്കറ്റ് പ്രീമിയം (ജിഎംപി) ഇന്ന് 48-50 രൂപയിലെത്തി. ഐപിഒ നടത്തിയ കമ്പനിയുടെ ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനു മുൻപ് അവ വാങ്ങാൻ നിക്ഷേപകർ അധികം നൽകാമെന്ന് വാഗ്ദാനം ചെയ്യുന്ന തുകയാണ് ജിഎംപി. ഐപിഒയ്ക്ക് സെബി അനുമതി നൽകിയതിനു പിന്നാലെ സെപ്റ്റംബർ ഏഴിന് ഇത് 285 രൂപ വരെ വർധിച്ചിരുന്നു. ഇതിൽ നിന്ന് 48 രൂപയിലേക്ക് താഴ്ന്നതോടെയാണ് ലിസ്റ്റിങ് നെഗറ്റീവിലേക്ക് നീങ്ങുമോയെന്ന ആശങ്ക കനത്തത്. എന്നാൽ ജിഎംപി ഇടിഞ്ഞതു കൊണ്ടു മാത്രം ലിസ്റ്റിങ് നെഗറ്റീവാകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. കമ്പനിയുടെ സാമ്പത്തിക പ്രകടനവും വളർച്ചാ സാധ്യതയുമാണ് നിക്ഷേപകർ കണക്കിലെടുക്കേണ്ടത്. ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടാമത്തെ ഐപിഒ ആയിരുന്നിട്ടും രണ്ടാമത്തെ ദിവസം തന്നെ മുഴുവൻ ഓഹരികളും സബ്സ്ക്രൈബ് ആയത് നിക്ഷേപകരുടെ താൽപര്യത്തിന്റെ തെളിവാണെന്നും ഇവർ പറയുന്നു. നേരത്തെ ഐപിഒയുടെ വലുപ്പം നിശ്ചയിച്ചതിൽ നിന്ന് 15% കുറച്ചിരുന്നു. 10 നിക്ഷേപകർ അവരുടെ കൈവശമുള്ള എൻഎസ്ഇ ഓഹരികളിൽ ഒരു ഭാഗം വിൽക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിൽ 8 നിക്ഷേപകർ വിൽക്കുന്ന ഓഹരികളുടെ എണ്ണം കുറച്ചതോടെ ഐപിയുടെ വലുപ്പവും ചെറുതായി. നേരത്തേ 1,700-1785 രൂപ പ്രൈസ് ബാൻഡിൽ ഇവരുടെ കൈവശമുള്ള എൻഎസ്ഇയുടെ 14.82 കോടി ഓഹരികൾ വിറ്റ് 30,000 കോടി രൂപ നേടാനായിരുന്നു നീക്കം. എന്നാൽ ഇപ്പോൾ 12.64 കോടി ഓഹരികളിലൂടെ, 22,568.94 കോടി രൂപയാണ് സമാഹരിക്കുന്നത്. ആങ്കർ നിക്ഷേപകരും കൂട്ടമായെത്തി എൻഎസ്ഇ ഐപിഒയ്ക്ക് ആങ്കർ നിക്ഷേപകരിൽ നിന്ന് ലഭിച്ചതും മികച്ച പ്രതികരണം. ഐപിഒ പൊതുവിപണിയിൽ തുറക്കുന്നതിന് മുന്നോടിയായി എക്സ്ചേഞ്ച് ആങ്കർ നിക്ഷേപകരിൽ നിന്ന് 6,746.18 കോടി രൂപയാണ് സമാഹരിച്ചത്. ആങ്കർ ബുക്കിങ്ങിൽ 150 നിക്ഷേപകരാണു പങ്കെടുത്തത്.വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ആങ്കർ വിഭാഗത്തിൽ 2,883 കോടി രൂപ നിക്ഷേപിച്ചു. ആഭ്യന്തര നിക്ഷേപകർ 3,588 കോടി രൂപയും നിക്ഷേപിച്ചു. ഇരുപത്തിയഞ്ചിലധികം മ്യൂച്വൽ ഫണ്ടുകളും 11 പ്രമുഖ ഇൻഷുറൻസ്, പെൻഷൻ ഫണ്ടുകളുമാണ് നിക്ഷേപകർ.


Fashion ⏭️

Back to top button