NEWS

മാസം 80 ലക്ഷം കൊടുക്കില്ല, പറക്കുന്നതിനു മാത്രം പണം; വാടക ഹെലികോപ്റ്ററിനു പുതിയ വ്യവസ്ഥ പരിഗണനയിൽ


തിരുവനന്തപുരം ∙ പൊലീസിനായി നിശ്ചിത മാസവാടക നിരക്കിൽ ഹെലികോപ്റ്റർ ഉപയോഗിക്കുന്ന രീതിയിൽ മാറ്റം വരുത്തുന്നതു സർക്കാരിന്റെ പരിഗണനയിൽ. ഹെലികോപ്റ്ററിന്റെ നിലവിലെ 3 വർഷ കരാർ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. ഉപയോഗിച്ചാലും ഇല്ലെങ്കിലും പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകുന്നതിനു പകരം ഉപയോഗത്തിനനുസരിച്ചു മാത്രം പണം നൽകുന്ന വ്യവസ്ഥയാണ് ആലോചനയിലുള്ളത്. ഹെലികോപ്റ്റർ കമ്പനിയും ഈ നിർദേശം മുന്നോട്ടുവച്ചതായാണു വിവരം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വരുംദിവസങ്ങളിൽ ഇക്കാര്യം ചർച്ച ചെയ്യും. നിലവിലെ വാടകനിരക്കിൽ കരാർ പുതുക്കേണ്ടതുണ്ടോ എന്ന കാര്യമാണു പരിശോധിക്കുക.സ്വകാര്യ കമ്പനിയായ ചിപ്സൺ ഏവിയേഷനാണ് കഴിഞ്ഞ 3 വർഷം ഹെലികോപ്റ്റർ സേവനം ലഭ്യമാക്കിയത്. ഒരു മാസം 25 മണിക്കൂർ പറക്കുന്നതിനുള്ള നിരക്കാണ് 80 ലക്ഷം രൂപ. കൂടുതൽ പറന്നാൽ ഓരോ മണിക്കൂറിനും അധികതുക നൽകണം. പറന്നാലും ഇല്ലെങ്കിലും 80 ലക്ഷം രൂപ നൽകണമെന്നതായിരുന്നു വ്യവസ്ഥ. സാധാരണനിലയിൽ പ്രതിമാസം 25 മണിക്കൂർ ഹെലികോപ്റ്റർ ഉപയോഗിക്കാറില്ല. ഈ സാഹചര്യത്തിൽ അത്രയും തുക നൽകേണ്ടതുണ്ടോ എന്നാണു സർക്കാരിന്റെ ചിന്ത. ഹെലികോപ്റ്റർ സേവനം നൽകുന്ന മറ്റു കമ്പനികളെയും സർക്കാർ പരിഗണിക്കും.


Fashion ⏭️

Back to top button