NEWS
മെസ്സി സന്ദർശനം: ദുരന്തനിവാരണ ഫണ്ടിലും കണ്ണുവച്ചു; സ്പോൺസർക്ക് എൽഡിഎഫ് സർക്കാരിന്റെ വാഗ്ദാനം

തിരുവനന്തപുരം ∙ അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലെ എസ്ഐടി അന്വേഷണം, മുൻ സർക്കാരിന്റെ വഴിവിട്ട നീക്കങ്ങളിലേക്ക്. ടീമിനെ എത്തിക്കുന്നതിനു സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് പണം ചെലവഴിക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചതായി എസ്ഐടി കണ്ടെത്തി. മുൻ ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തിലാണു വിവാദ തീരുമാനമെടുത്തത്. അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിൽ സംസ്ഥാനത്തിനു സാമ്പത്തിക ബാധ്യതയില്ലെന്ന മുൻ സർക്കാരിന്റെ വാദം പൊളിക്കുന്നതാണ് ഈ കണ്ടെത്തൽ.അർജന്റീന ഇടപാടിൽ സ്പോൺസറുടെ തുകയ്ക്കു പുറമേ വിവിധ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫണ്ട് എന്നിവയിലൂടെയും തുക കണ്ടെത്തണമെന്നാണ് 2025 ഒക്ടോബറിൽ ചേർന്ന യോഗത്തിന്റെ മിനിറ്റ്സിലുള്ളത്. പ്രദർശനമത്സരങ്ങളുടെ ഒരുക്കങ്ങൾക്കായി സംസ്ഥാനത്തെ 2 ഐഎഎസ് ഓഫിസർമാരുടെ സേവനം സൗജന്യമായി വിട്ടുനൽകാനും യോഗത്തിൽ തീരുമാനമായിരുന്നു. ടീമിനെ ക്ഷണിക്കാനെന്ന പേരിൽ 13 ലക്ഷം രൂപ സർക്കാർ ഫണ്ട് ചെലവിട്ടു മുൻ മന്ത്രി വി.അബ്ദുറഹിമാൻ നടത്തിയ സ്പെയിൻ യാത്രയെക്കുറിച്ചും എസ്ഐടി അന്വേഷിക്കുന്നുണ്ട്.
Fashion ⏭️




