NEWS

എസ്എസ്എൽസി മാർക്ക്: പഴയ രീതി തുടരും; മിനിമം മാർക്ക് ഇല്ല


തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷയ്ക്കു ‘മിനിമം മാർക്ക്’ വ്യവസ്ഥ ഈ അധ്യയനവർഷം നടപ്പാക്കില്ല. അതേസമയം 8,9 ക്ലാസുകളിലടക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്തു മിനിമം മാർക്ക് രീതി നടപ്പാക്കിയതു തുടരും. ഈ വർഷം 10–ാം ക്ലാസിൽ മിനിമം മാർക്ക് രീതി നടപ്പാക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത് തൽക്കാലം നടപ്പാക്കേണ്ടെന്നാണു യുഡിഎഫ് സർക്കാരിന്റെ തീരുമാനം. പ്രായോഗിക പ്രശ്നങ്ങളടക്കം പരിശോധിക്കേണ്ടതിനാലാണു നടപടിയെന്നു വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീൻ അറിയിച്ചു.നിരന്തരമൂല്യനിർണയത്തിന് (സിഇ) അധ്യാപകർ നൽകുന്ന 20% മാർക്കുകൂടി ജയത്തിനു പരിഗണിക്കുന്ന രീതിക്കു പകരം ഓരോ വിഷയത്തിനും ജയിക്കാൻ എഴുത്തുപരീക്ഷയ്ക്കുതന്നെ 30% മാർക്ക് നേടണമെന്നതാണു മിനിമം മാർക്ക് വ്യവസ്ഥ.ഒന്നാം ക്ലാസ്: വരുന്ന വർഷവും പ്രായപരിധിയിൽ മാറ്റമില്ല പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം അടുത്ത അധ്യയനവർഷവും 5 വയസ്സായി തുടരും. കേന്ദ്ര വിദ്യാഭ്യാസ നയം (എൻഇപി) അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് കുറഞ്ഞ പ്രായം 6 വയസ്സാക്കണമെന്ന് 2022 മുതൽതന്നെ കേന്ദ്രം ആവശ്യപ്പെട്ടിരുന്നെങ്കിലും കേരളം ആദ്യം വഴങ്ങിയില്ല. ഈ അധ്യയന വർഷം മുതൽ 6 വയസ്സാക്കാൻ 2024ൽ എൽഡിഎഫ് സർക്കാർ തീരുമാനിച്ചെങ്കിലും പിന്നീട് അത് അടുത്ത അധ്യയന വർഷത്തേക്കു മാറ്റി. അതാണിപ്പോൾ യുഡിഎഫ് സർക്കാർ വേണ്ടെന്നുവച്ചിരിക്കുന്നത്. വർഷങ്ങളായി കേരളത്തിൽ തുടരുന്ന 5 വയസ്സ് മാറ്റേണ്ടതില്ലെന്നും 6 വയസ്സാക്കിയാൽ ആ വർഷം ഒന്നാം ക്ലാസിൽ കുട്ടികളുടെ എണ്ണം കുത്തനെ കുറയുമെന്നുമാണു വിലയിരുത്തൽ.


Fashion ⏭️

Back to top button