ഹാജരായില്ലെങ്കിൽ പി.എസ്.സി.അംഗങ്ങളെ കസ്റ്റഡിയിലെടുക്കാം: ജസ്റ്റിസ് കെമാൽ പാഷ

കൊച്ചി:പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പി.എസ്.സി അംഗങ്ങൾ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ പ്രത്യേക അന്വേഷണസംഘത്തിന് (എസ്.ഐ.ടി) വാറന്റ് ഇല്ലാതെയും അവരെ കസ്റ്റഡിയിലെടുക്കാമെന്ന് കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.കെമാൽപാഷ.
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമനടപടികൾ നേരിടാൻ ബാദ്ധ്യസ്ഥരാണ്. പി.എസ്.സിക്ക് പ്രത്യേക അധികാരമോ നിയമപരിരക്ഷയോ ഇല്ല. ഗവർണറെയോ സ്പീക്കറെയോ പോലെ നിയമപരിരക്ഷ ഉള്ളവരല്ലെന്നും അദ്ദേഹം പറഞ്ഞു.
പി.എസ്.സി അംഗങ്ങളെ എസ്.ഐ.ടി ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഹാജരാകാൻ ബാദ്ധ്യതയുണ്ടെന്ന് നിയമവിദഗ്ദ്ധൻ അഡ്വ. എ.ജയശങ്കർ അഭിപ്രായപ്പെട്ടു. ഹാജരായില്ലെങ്കിൽ അംഗങ്ങളുടെ വീട്ടിലെത്തി തുടർനടപടികൾ സ്വീകരിക്കാം. നിയമവിധേയമായും ഉത്തമവിശ്വാസത്തോടെയും പി.എസ്.സി ചെയ്യുന്ന കാര്യങ്ങൾക്കു മാത്രമാണ് നിയമ പരിരക്ഷ. അങ്ങനെയല്ലാത്ത കാര്യങ്ങളിൽ ഒരു പരിഗണനയുമില്ല. സത്യസന്ധമായി ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ പദവിയിലിരിക്കുന്നവർക്ക് ബാദ്ധ്യതയുണ്ടെന്നും അഡ്വ.ജയശങ്കർ പറഞ്ഞു.




