NEWS

വീഗാലാൻഡ് ഡവലപ്പേഴ്സിന് ഓഹരി വിപണിയിൽ നേട്ടത്തുടക്കം; 10% മുന്നേറി ലിസ്റ്റിങ്, വില ഉയർന്നത് 154 രൂപവരെ


വീഗാലാൻഡ് ഡവലപ്പേഴ്സ് ഓഹരികൾ എൻഎസ്ഇയിൽ 10% നേട്ടത്തിൽ ലിസ്റ്റ് ചെയ്തു. ഐപിഒ വിലയായ 140 രൂപയെ അപേക്ഷിച്ച് 154 രൂപയിലായിരുന്നു ലിസ്റ്റിങ്. തൊട്ടുപിന്നാലെ ലാഭമെടുപ്പുണ്ടായി. നിലവിൽ ഓഹരിവില ഇപ്പോഴുള്ളത് 5% താഴ്ന്ന് 146.30 രൂപയെന്ന ലോവർ-സർക്യൂട്ടിലാണ്. ബിഎസ്ഇയിൽ 7.86% നേട്ടവുമായി 151 രൂപയിലായിരുന്നു ലിസ്റ്റിങ്. കേരളത്തിൽ നിന്ന് പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തി ഓഹരി വിപണിയിൽ എത്തിയ ആദ്യ റിയൽ എസ്റ്റേറ്റ് കമ്പനിയാണ് വീഗാലാൻഡ് ഡവലപ്പേഴ്സ്. പ്രമുഖ വ്യവയായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സ്ഥാപിച്ച മൂന്നാമത്തെ കമ്പനിയാണ് ഓഹരി വിപണിയിലെത്തിയത്; ഇത് അപൂർവനേട്ടമാണ്. വി-ഗാർഡ് ഇൻഡസ്ട്രീസ്, വണ്ടർല എന്നിവയാണ് മറ്റ് രണ്ട് കമ്പനികൾ. 210 കോടി രൂപ സമാഹരണമുന്നമിട്ട് വീഗാലാൻഡ് നടത്തിയ ഐപിഒയ്ക്ക് 14.60 മടങ്ങ് അപേക്ഷകൾ ലഭിച്ചിരുന്നു. റീട്ടെയ്ൽ നിക്ഷേപകരിൽ‌ (ചെറുകിട നിക്ഷേപകർ) നിന്ന് 9.95 മടങ്ങ് അപേക്ഷകൾ ലഭിച്ചു. സ്ഥാപനേതര നിക്ഷേപകർ (എൻഐഐ) 19.41 മടങ്ങ് അപേക്ഷ നൽകി. യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾ (ക്യുഐബി) 19.13 മടങ്ങും. നിലവിലെ ഓഹരിവില പ്രകാരം 713.21 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. 2011ലാണ് വീഗാലാൻഡ് ഡെവലപ്പേഴ്സിന്റെ തുടക്കം. പ്രീമിയം റസിഡൻഷ്യൽ പദ്ധതികൾക്ക് ഊന്നൽ നൽകുന്ന ‘വീഗാലാൻഡ് ഹോംസ്’ ഇതിനകം 10 പദ്ധതികൾ പൂർത്തിയാക്കി. 12 പദ്ധതികൾ പുരോഗമിക്കുന്നു. നിർമാണത്തിലുള്ള പദ്ധതികൾക്ക് ഫണ്ട് ഉറപ്പാക്കാനും പുതിയ പദ്ധതികൾക്കായി ഭൂമി വാങ്ങാനുമാണ് പ്രധാനമായും ഐപിഒ വഴി സമാഹരിച്ച തുക വിനിയോഗിക്കുക.(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)


Fashion ⏭️

Back to top button