പഞ്ഞിക്കെട്ടുപോലുള്ള ഇടിയപ്പം വേണോ? മാവ് ഇങ്ങനെ കുഴച്ചാൽ മതി

ഇടിയപ്പം
പണ്ടുകാലങ്ങളിൽ കല്യാണ വീടുകൾ വാണിരുന്ന കേരള വിഭവമാണ് ഇടിയപ്പം. ഇന്നിത് മലയാളികളുടെ അടുക്കളയിലും ഹോട്ടലുകളിലും ഒതുങ്ങിക്കൂടി. കഴിക്കാൻ ഏറെ രുചിയാണെന്നതും മൃദുലമാണെന്നതുമാണ് ഇടിയപ്പത്തിന്റെ പ്രത്യേകത. തേങ്ങാപ്പാലൊഴിച്ച് കറിയില്ലാതെയും ഇടിയപ്പം കഴിക്കാം.
എന്നാലിത് കാണുന്നതുപോലെ അത്ര എളുപ്പമല്ല തയ്യാറാക്കാൻ. ശരിയായ രീതിയിൽ തയ്യാറാക്കിയില്ലെങ്കിൽ ഇടിയപ്പം കട്ടിയായിപ്പോകും. അരിമാവിന്റെ ഗുണനിലവാരം, വെള്ളത്തിന്റെ അളവ്, മാവ് കുഴയ്ക്കുന്ന രീതി, ആവിയിൽ വേവിക്കുന്ന സമയം എന്നിവ ശരിയായ രീതിയിൽ ഇടിയപ്പം തയ്യാറാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഇടിയപ്പം ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ.
ആവശ്യമായ ചേരുവകൾ ഏതൊക്കെ?
അരിപ്പൊടി – രണ്ട് കപ്പ്
തിളച്ച വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ഒരു ടീസ്പൂൺ
തേങ്ങ ചിരകിയത് – ആവശ്യത്തിന്
തയ്യാറാക്കുന്നതെങ്ങനെ?
ഒരു പാത്രത്തിൽ അരിമാവെടുത്ത് അതിൽ ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കണം. ഇതിലേയ്ക്ക് തിളച്ച വെള്ളം കുറച്ചുകുറച്ചായി ഒഴിച്ച് സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കണം. കൈ കൊണ്ട് കുഴയ്ക്കാൻ പാകത്തിന് ചൂട് കുറയുമ്പോൾ വെളിച്ചെണ്ണ ചേർത്ത് ഒന്നുകൂടി കുഴയ്ക്കണം. മാവ് മൃദുലവും കട്ടയില്ലാത്തതുമാകുന്നതുവരെ കുഴയ്ക്കണം.
മാവ് ഇടിയപ്പം പ്രസ് ഉപയോഗിച്ച് ഇഡ്ഡലി തട്ടിൽ നിറയ്ക്കാം. മുകളിൽ തേങ്ങ ചിരകിയതും വിതറണം. ഏകദേശം ഏഴുമിനിട്ട് വരെയാണ് വേവിക്കേണ്ടത്. അധികനേരം വേവിക്കരുത്.
ടിപ്പ്സ്
തിളച്ച വെള്ളംതന്നെ ഉപയോഗിക്കുക
മാവ് നന്നായി കുഴയ്ക്കുക
വെള്ളത്തിന്റെ അളവ് ശ്രദ്ധിക്കുക
മാവ് ഉണങ്ങിപ്പോകാൻ അനുവദിക്കരുത്
English Summary
Idiyappam, a traditional Kerala dish, is highlighted for its softness and taste. The article emphasizes that proper preparation is crucial, requiring careful attention to rice flour quality, water amount, kneading technique, and steaming time to ensure a soft texture. Key steps involve mixing rice flour with hot water and salt, kneading with coconut oil, pressing into molds, topping with grated coconut.
News ⏭️


