NEWS
നിലപാടുകളുടെ രാജകുമാരന്റെ ‘നില’പാടാകും; പാർട്ടി തകർന്നാൽ ജനങ്ങൾക്ക് ആരാണ് അഭയമെന്ന് എം.എ. ബേബി

കോഴിക്കോട് ∙ കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിപിഎമ്മിനെതിരെ വ്യാജ നിർമിതി ഉണ്ടായി. വിമോചനസമര കാലത്ത് ഉണ്ടായ വ്യാജ നിർമിതി ഇപ്പോഴും തുടരുകയാണെന്നും എം.എം. ബേബി പറഞ്ഞു. സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യൻ സംഘർഷവും ക്യൂബയിലെ യുഎസ് ഇടപെടലും ബ്രിക്സ് ഉച്ചകോടിയും ദേശീയ രാഷ്ട്രീയവും വരെ പരാമർശിച്ചാണ് ജനറൽ സെക്രട്ടറി ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ പ്രതിനിധികളെ അഭിസംബോധന ചെയ്തത്. ഒന്നേകാൽ മണിക്കൂർ സംസാരിച്ചിട്ടും ഇ.ഡി എന്ന വാക്ക് പോലും ഒരിടത്തും പരാമർശിക്കാതെ ആയിരുന്നു എം.എ. ബേബിയുടെ ഉദ്ഘാടന പ്രസംഗം.‘‘എന്താണ് യുഡിഎഫ് ഭരണമെന്ന് ഇപ്പോൾ തന്നെ ജനത്തിനു മനസിലായി. ‘നിലപാടുകളുടെ രാജകുമാരൻ’ എന്താണ് ചെയ്യുന്നത്. എൽഡിഎഫ് സർക്കാർ കൊണ്ടു വന്ന ജനക്ഷേമ പദ്ധതികൾ അട്ടിമറിക്കുന്ന കാഴ്ചയാണ് ഉണ്ടാകുന്നത്. പവർകട്ട് എന്താണെന്നു പുതുതലമുറയ്ക്കു മനസിലായി. യുഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ യുഡിഎഫിന്റെ നയങ്ങൾ തന്നെ കാരണമാകുമെന്നു ജനം പറയുന്നു. നിലപാടുകളുടെ രാജകുമാരന്റെ ‘നില’ പാടാകും.സമഗ്രമേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുകയാണ്. കോടതികളിൽ പോലും ആർഎസ്എസ് സ്വാധീനം ഉറപ്പിക്കുന്നു. ഇതിൽ കോടതി അലക്ഷ്യമുണ്ടായാലും അതു നേരിടാൻ തയാറാണ്. അന്വേഷണ എജൻസികളിൽപോലും ആർഎസ്എസ് കടന്നുകയറുന്നു. കേരളത്തിലെ അന്വേഷണ എജൻസികളിലും ആർഎസ്എസ് കടന്നു കയറിയിട്ടുണ്ട്. ആർഎസ്എസിന്റെ കൊലപാതക രാഷ്ട്രീയത്തെ പ്രതിരോധിച്ചത് സിപിഎമ്മാണ്.
Fashion ⏭️


