HEALTH

ലോക ആത്മഹത്യാ പ്രതിരോധ ദിനം: യൂറോപ്പിലും സ്പെയിനിലും ആത്മഹത്യാ നിരക്കിൽ ആശ്വാസകരമായ കുറവ്; എങ്കിലും ആശങ്കയൊഴിയാതെ ലോകം! | Relief as suicide rates decline in Europe and Spain


2023-ൽ യൂറോപ്യൻ യൂനിയനിൽ 48,370 പേർ ജീവനൊടുക്കിയതായി യൂറോസ്റ്റാറ്റിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ കഴിഞ്ഞ ദശാബ്ദത്തെ അപേക്ഷിച്ച് മൊത്തത്തിലുള്ള ആത്മഹത‍്യ നിരക്ക് കുറയുന്ന പ്രവണതയാണ് കണ്ടുവരുന്നത്. പ്രതിലക്ഷം പേരിൽ 10.4 എന്ന നിലയിലാണ് നിലവിലുള്ള നിരക്ക്. യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ വലിയ വ്യത്യാസങ്ങളാണ് കണക്കുകളിൽ ഉള്ളത്. ലിത്വാനിയ, സ്ലോവേനിയ, ഹംഗറി എന്നീ രാജ്യങ്ങളിലാണ് ഏറ്റവും ഉയർന്ന ആത്മഹത്യാ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. മരിച്ചവരിൽ 76.4 ശതമാനവും പുരുഷന്മാരാണ്. പ്രായമേറുന്തോറും ആത്മഹത്യാ നിരക്ക് വർദ്ധിക്കുന്നതായും കണക്കുകൾ പറയുന്നു. സ്പെയിനിലും സ്ഥിതി സമാനമായ രീതിയിൽ മെച്ചപ്പെടുന്നുണ്ടെന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എ.എൻ.ഇ) കണക്കുകൾ നൽകുന്ന സൂചന. 2025-ൽ സ്പെയിനിൽ 3,808 പേരാണ് ആത്മഹത്യ ചെയ്തത്. കഴഞ്ഞ മൂന്നു വർഷമായി ഇവിടെ ആത്മഹത്യാ നിരക്കിൽ കുറവുണ്ടാകുന്നത്. സ്പെയിൻ നടപ്പിലാക്കിയ ആക്ഷൻ പ്ലാൻ 2025-2027 ഈ വിഷയത്തെ ഒരു പൊതുജനാരോഗ്യ പ്രശ്നമായി കണ്ട് ബോധവൽക്കരണവും മുൻകരുതലുകളും ശക്തമാക്കുന്നുണ്ട്. ‘സംസാരിച്ചു തുടങ്ങാം’ (Start the Conversation) എന്നതാണ് ലോകാരോഗ്യ സംഘടനയുടെ (WHO) ഈ വർഷത്തെ ക്യാമ്പെയ്ൻ സന്ദേശം. മിഥ്യാധാരണകളും സാമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളും ഒഴിവാക്കി ആളുകളെ പരസ്പരം സംസാരിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോകവരുമാന നിലവാരം കുറഞ്ഞ രാജ്യങ്ങളിലാണ് ഇത്തരം മരണങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത്. സഹായം തേടേണ്ടതിന്‍റെ പ്രാധാന്യവും കണക്കുകൾ ഓർമ്മിപ്പിക്കുന്നുണ്ട്. സ്പെയിനിലെ പ്രമുഖ ഹെൽപ്പ്‌ലൈനായ ‘ടെലിഫോണോ ഡി ലാ എസ്‌പെരാൻസ’യിൽ ആത്മഹത്യാ പെരുമാറ്റവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൗജന്യമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘ലൈൻ 024’ പോലുള്ള സേവനങ്ങൾ ലക്ഷക്കണക്കിന് ആളുകൾക്കാണ് ആശ്വാസമാകുന്നത്. ആത്മഹത്യയെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്ന് തുറന്നു ചോദിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കില്ലെന്നും, മറിച്ച് അവർക്ക് മാനസിക പിന്തുണ നൽകാനും ജീവൻ രക്ഷിക്കാനും സഹായിക്കുമെന്നും വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.


Life Style ⏭️

Back to top button