NEWS
‘കുഞ്ഞമ്മേ മോളെ ഞാൻ കൊന്നു’; ഒരു വയസുകാരിയുടെ കൊലപാതകം മാതാപിതാക്കളുടെ വിവാഹ വാർഷികദിനത്തിൽ

മലയിൻകീഴ്∙ എല്ലാവരും അന്ന എന്നു വിളിച്ചിരുന്ന ഇവാന ലോകം എന്തെന്ന് അറിഞ്ഞു തുടങ്ങുന്നതിനു മുന്നേ കണ്ണീരോർമയായി. സംഭവത്തിൽ അമ്മ തന്നെ പിടിയിലായതിന്റെ നടുക്കത്തിലാണ് നാട്. വിളവൂർക്കൽ പൊറ്റയിൽ ഒരു വർഷവും ഒരു മാസവും പ്രായമുള്ള ഇവാന കൊല്ലപ്പെട്ടത് മാതാപിതാക്കളുടെ വിവാഹ വാർഷിക ദിനത്തിലാണ്.കുന്നുകുഴി സ്വദേശിയായ ക്രിസ്റ്റിയും അഭിജിത്തും തമ്മിലുള്ള വിവാഹം 4 വർഷം മുൻപായിരുന്നു. കഴിഞ്ഞ വർഷമാണ് ഇവർക്കു കുഞ്ഞു ജനിച്ചത്. ഇതിനുശേഷം ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉടലെടുത്തതായി സൂചനയുണ്ട്. ഭർത്താവിന്റെ കുടുംബവുമായി താൻ അടുപ്പത്തിലായിരുന്നില്ലെന്ന് ക്രിസ്റ്റി പൊലീസിനോടു പറഞ്ഞു. മൂന്നരയോടെ കത്തി ഉപയോഗിച്ച് മകളുടെ കഴുത്തിൽ കുത്തിയെന്നാണ് ക്രിസ്റ്റി പൊലീസിനു നൽകിയ മൊഴി. ഇതിനിടെ കുഞ്ഞിന്റെ തന്നെ മരുന്നും ഗുളികകളും ഇവർ കഴിച്ചു. കുഞ്ഞ് മരിച്ചതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യം. ബന്ധുവായ ഗസീന്ത തുടരെ വാതിലിൽ മുട്ടിയതോടെ വേറെ നിവൃത്തിയില്ലാതെ ക്രിസ്റ്റി വാതിൽ തുറക്കുകയായിരുന്നു.വീടിനു പുറത്തിറക്കി മാറ്റി നിർത്തി പൊലീസ് ചോദിക്കുമ്പോൾ തന്നെ ക്രിസ്റ്റി താൻ ചെയ്ത കാര്യം സമ്മതിച്ചു. വൈകാതെ ജോലി സ്ഥലത്തുനിന്നു ഭർത്താവ് അഭിജിത്തും എത്തി. അടച്ചിട്ടിരുന്ന വീടിന്റെ തിണ്ണയിൽ നിറകണ്ണുകളോടെ ഇരുന്നു. ഭാര്യയുമായി സംസാരിച്ചില്ല. താമസിയാതെ തലയിൽ തുണി കൊണ്ടു മറച്ച് ക്രിസ്റ്റിയെ പൊലീസ് ആൾ കൂട്ടത്തിനിടയിലൂടെ സ്റ്റേഷനിലേക്കു കൊണ്ടു പോകുമ്പോൾ മുഖം പൊത്തി ഇരിക്കുകയായിരുന്നു അഭിജിത്ത്. കുടുംബത്തിലെ മറ്റംഗങ്ങളുമായി നാട്ടുകാർക്ക് അടുപ്പം ഉണ്ടായിരുന്നെങ്കിലും ക്രിസ്റ്റിയെ സംബന്ധിച്ച് കാര്യമായി ഒന്നും അറിയില്ലെന്നാണ് പരിസരവാസികൾ പറഞ്ഞത്.
Fashion ⏭️


