BUSINESS

വീഗാലാൻഡും വിജയപാതയിൽ, ചെറുപ്പക്കാർ നാട്ടിലേക്ക് തിരിച്ചുവരും, റിയൽ എസ്റ്റേറ്റിന് വൻ വളർച്ചാ സാധ്യത: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി


പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സ്ഥാപകനും ചെയർമാനുമായ വീഗാലാൻഡ് ഡെവലപ്പേഴ്സിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) തുടക്കം. വി-ഗാർഡ്, വണ്ടർലാ എന്നിവയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഓഹരി വിപണിയിലെത്തുന്ന മൂന്നാമത്തെ കമ്പനിയാണിത്. സെപ്റ്റംബർ 10 മുതൽ 15 വരെ നടക്കുന്ന ഐപിഒയിലൂടെ 210 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐപിഒ നടത്തുന്ന കേരളത്തിലെ ആദ്യ റിയൽ‍ എസ്റ്റേറ്റ് കമ്പനിയാണെന്ന പ്രത്യേകതയും വീഗാലാൻഡ് ഡെവലപ്പേഴ്സിനുണ്ട്. ഓഹരിയൊന്നിന് 130–140 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്; കുറഞ്ഞ അപേക്ഷാ ലോട്ട് 107 ഓഹരികളാണ്. ഓഫർ ഫോർ സെയിൽ ഇല്ലാതെ പൂർണമായും ഫ്രഷ് ഇഷ്യുവാണ്. സമാഹരിക്കുന്ന തുക നിലവിലെ പ്രൊജക്റ്റുകൾ പൂർത്തിയാക്കാനും കൊച്ചി, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലെ പുതിയ വികസന പദ്ധതികൾക്കുമായി വിനിയോഗിക്കും. സെപ്റ്റംബർ 18നാണ് കമ്പനിയുടെ ലിസ്റ്റിങ് നിശ്ചയിച്ചിരിക്കുന്നത്. വീഗാലാൻഡ് ഡെവലപ്പേഴ്സ് ഐപിയിലേക്ക് കടക്കുമ്പോൾ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് പറയാനുള്ള കാര്യങ്ങൾ…? ആദ്യം വി-ഗാർഡ്, പിന്നീട് വണ്ടർലാ, ഇപ്പോൾ വീഗാലാൻഡ് ഡവലപ്പേഴ്സ്… അങ്ങനെ വിജയകരമായ മൂന്നാമതൊരു സംരംഭത്തെക്കൂടി ഐപിഒയിലേക്ക് എത്തിച്ചിരിക്കുകയാണല്ലോ. തിരിഞ്ഞുനോക്കുമ്പോൾ എന്താണ് തോന്നുന്നത്? കൂടാതെ, ഈ ഘട്ടത്തിൽ കമ്പനിയെ ഐപിഒയിലേക്ക് നയിക്കാൻ പ്രത്യേക കാരണങ്ങൾ എന്തെങ്കിലുമുണ്ടോ?∙ ഏതൊരു സംരംഭവും പോലെ വളരെ ചെറിയൊരു തലത്തിലാണ് വി-ഗാർഡും ആരംഭിച്ചത്. എന്നാൽ വർഷങ്ങൾ കൊണ്ട് അത് വലിയ രീതിയിൽ വളർന്നു. വി-ഗാർഡ് ഐപിഒയിലേക്ക് പോകുന്ന സമയത്ത് ദക്ഷിണേന്ത്യയൊട്ടാകെ കമ്പനിക്ക് മികച്ച പ്രചാരവും തൃപ്തികരമായ വിറ്റുവരവും ഉണ്ടായിരുന്നു. ആ വളർച്ചയുടെ ഘട്ടത്തിൽ പുതിയ ഫാക്ടറികൾ നിർമ്മിക്കാനും മറ്റ് വികസനങ്ങൾക്കുമായി കൂടുതൽ മൂലധനം ആവശ്യമായി വന്നു. മൂലധന സമാഹരണത്തിന് ബാങ്ക് വായ്പകൾ, പ്രൈവറ്റ് ഇക്വിറ്റി, ഐപിഒ തുടങ്ങി പല വഴികളുണ്ടായിരുന്നെങ്കിലും ഞാൻ തിരഞ്ഞെടുത്തത് ഐപിഒ ആണ്. അത് കമ്പനിയുടെ ഭാവിക്ക് ഏറ്റവും അനുയോജ്യമാണെന്ന് ബോധ്യമുണ്ടായിരുന്നു.അതിനുപുറമേ, വി-ഗാർഡിലെ മുതിർന്ന മാനേജർമാർക്ക് ഞാൻ മുൻപ് നൽകിയ ഓഹരികളുടെ യഥാർഥ മൂല്യം അവർക്ക് ലഭ്യമാക്കാനും ഇത് ആവശ്യമായിരുന്നു. അക്കാലത്ത് കേരളത്തിൽ ഐപിഒ എന്ന ആശയം അത്രത്തോളം ജനകീയമായിരുന്നില്ല. എന്നാൽ അതിനെക്കുറിച്ച് കൃത്യമായി പഠിച്ചാണ് മുന്നോട്ടുപോയത്. തുടക്കത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായെങ്കിലും പിന്നീട് അത് വലിയ വിജയമായി മാറി. ഐപിഒ വഴി കമ്പനിക്ക് സമൂഹത്തിൽ വലിയ രീതിയിലുള്ള സ്വീകാര്യതയും (വിസിബിലിറ്റിയും) വിശ്വാസ്യതയും ലഭിച്ചു. പിന്നീട് എന്റെ മക്കളായ അരുണും മിഥുനും ബിസിനസിലേക്ക് കടന്നുവന്നപ്പോഴും ഈ വളർച്ച അവർക്ക് മുന്നോട്ടുള്ള നല്ലൊരു പാതയായി മാറി. 2008ൽ വി-ഗാർഡ് ചെയ്തതുപോലെ 2014ൽ വണ്ടർലായും ഐപിഒയിലേക്ക് എത്തിച്ചു.വർഷങ്ങൾക്കുശേഷം മക്കൾ ബിസിനസിൽ പൂർണ്ണമായി സജീവമായതോടെ കമ്പനികളുടെ ദൈനംദിന ചുമതലകളിൽ നിന്ന് ഞാൻ പതുക്കെ പിന്മാറാൻ തുടങ്ങി. 60 വയസ്സ് കഴിഞ്ഞപ്പോൾ കാര്യങ്ങൾ അവരുടെ കൈകളിൽ പൂർണമായി ഏൽപ്പിച്ച് പേരിനുമാത്രം ‘ചെയർമാൻ എമരിറ്റസ്’ എന്ന പദവിയിൽ ഒതുങ്ങി. അങ്ങനെ ലഭിച്ച ഒഴിവുസമയമാണ് എന്നെ റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ രംഗത്തേക്ക് എത്തിക്കുന്നത്. ഒരു സിവിൽ എഞ്ചിനീയറിങ് പശ്ചാത്തലമില്ലാത്ത ഞാൻ എന്തുകൊണ്ട് കൺസ്ട്രക്ഷൻ മേഖല തിരഞ്ഞെടുത്തു എന്ന് ചോദിച്ചാൽ; മുൻപ് വി-ഗാർഡിന്റെയും വണ്ടർലായുടെയും കോർപ്പറേറ്റ് ഓഫീസുകൾ, ഫാക്ടറികൾ, തീം പാർക്കുകൾ എന്നിവയുടെ നിർമ്മാണത്തിൽ സജീവമായി പങ്കാളിയായപ്പോൾ തന്നെ എനിക്ക് ഈ മേഖലയോട് ഒരു പ്രത്യേക താൽപര്യം തോന്നിയിരുന്നു. ആ താൽപര്യവും അനുഭവപരിചയവുമാണ് എന്നെ ‘കൺസ്ട്രക്ഷൻ’ രംഗത്തേക്ക് എത്തിച്ചതും, ഇന്നിപ്പോൾ ഈ പുതിയ സംരംഭത്തെയും ഐപിഒയിലേക്ക് നയിക്കാൻ പ്രാപ്തനാക്കിയതും.


Travel ⏭️

Back to top button