NEWS

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു; പ്രതികൾക്ക് 7 വർഷം തടവ്


തളിപ്പറമ്പ് (കണ്ണൂർ) ∙ സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ 2 സഹോദരങ്ങൾക്കും ഇവരുടെ സുഹൃത്തിനും 7 വർഷം തടവും പിഴയും ശിക്ഷ. കാസർകോട് ഒളവറ പുത്തൻ പുരയിൽ ഫസലുൽ റഹ്മാനെ (37) വധിക്കാൻ ശ്രമിച്ച കേസിൽ ഫസലുൽ റഹ്മാന്റെ ഭാര്യ പന്നിയൂർ സ്വദേശി ഷാഹിനയുടെ സഹോദരങ്ങളായ പന്നിയൂർ പള്ളിവയലിലെ ബത്താലി ബി.മുബാറക് (37), അബ്ദുല്ല (അബൂട്ടി–44), ഇവരുടെ സുഹൃത്ത് പി.ഇബ്രാഹിം (ഉമ്പായി – 44) എന്നിവരെയാണ് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് ഡിസ്ട്രിക്ട് ജഡ്ജി കെ.എൻ.പ്രശാന്ത് ശിക്ഷിച്ചത്. പല വകുപ്പുകളിലായി സഹോദരങ്ങൾക്ക് 12 വർഷവും സുഹൃത്തിന് 9 വർഷവും തടവുശിക്ഷ വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. സഹോദരങ്ങളായ ആദ്യ 2 പ്രതികൾ 2.20 ലക്ഷം വീതവും 3ാം പ്രതി 1.20 ലക്ഷം രൂപയും പിഴയും അടയ്ക്കണം. പിഴത്തുകയിൽ 5 ലക്ഷം രൂപ ഫസലുൽ റഹ്മാന് നൽകണം.വിവാഹശേഷം ഫസലുൽ റഹ്മാനും ഷാഹിനയും പയ്യന്നൂരിലായിരുന്നു താമസം. 2019 ജനുവരി 20ന് കണ്ണൂരിൽ പോയി സ്കൂട്ടറിൽ തിരിച്ചുവരുംവഴി പ്രാർഥനയ്ക്കായി പുഷ്പഗിരി ഒമാൻ മസ്ജിദിൽ ഭാര്യയെ ഇറക്കി മുന്നോട്ടുപോയ പരാതിക്കാരനെ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. പിന്നീട് ബൈക്കിൽ ബലമായി പിടിച്ചുകയറ്റി പന്നിയൂർ വില്ലേജ് ഓഫിസ് സമീപത്തെ റബർ തോട്ടത്തിൽ എത്തിച്ചും ക്രൂരമായി മർദിച്ചു. മർദനത്തിൽ ഫസലുൽ റഹ്മാന്റെ കാൽമുട്ടിന്റെ എല്ല് തകർന്നു. 


Fashion ⏭️

Back to top button