LIFESTYLE

അമ്മയുടെ അധ്വാനവും ചേച്ചിയുടെ ത്യാഗവും; കുരങ്ങാട്ടി ഊരിലെ ആദ്യ ഡോക്ടറാകാൻ അനഘ


അനഘ, ശ്രീജ, മേഘ

ഏലമലക്കാടുകളിൽ ശ്രീജ വീഴ്ത്തിയ വിയർപ്പ് വെറുതെയായില്ല. ഇടുക്കി കുരങ്ങാട്ടി ഗോത്ര ഊരിൽ നിന്നാദ്യമായി ശ്രീജയുടെ മകൾ അനഘ എം.ബി.ബി.എസ് പ്രവേശനം നേടി. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് മെരിറ്റ് സീറ്റിൽ ചേർന്നത്. മലയരയ സമുദായാംഗമായ ശ്രീജയ്ക്ക് രണ്ടു പെൺമക്കളാണ്. ഇരുവരും പഠിക്കാൻ മിടുക്കർ. ഏലത്തോട്ടത്തിലെ കൂലിയായിരുന്നു വരുമാനം. കുട്ടികളുടെ പഠനത്തിന് സിപിഎമ്മും സഹായിച്ചു.

2015ൽ സിപിഎം പ്രതിനിധിയായി മത്സരിച്ച് ശ്രീജ അടിമാലി ഗ്രാമപഞ്ചായത്ത് അംഗമായി. ഇപ്പോൾ ആശാ വർക്കറാണ്. മന്നാംകണ്ടം സർക്കാർ ട്രൈബൽ സ്കൂളിന്റെ ചരിത്രത്തിലാദ്യമായി പത്താംക്ലാസിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയത് അനഘയാണ്. പ്ലസ്ടുവിനും ഈ വിജയം ആവർത്തിച്ചു.

എൻട്രൻസ് കോച്ചിംഗിന് ആദ്യം സ്വകാര്യസ്ഥാപനത്തിലാണ് ചേർന്നത്. ഫീസിന് കൂടുതൽ പണം വേണ്ടിവന്നതോടെ,​ ബിരുദധാരിയായ മൂത്തമകൾ മേഘ ഉപരിപഠനം മാറ്റിവച്ച് താത്കാലിക ജോലിതേടി. കടകളിൽ സെയിൽസ് ഗോളായി. അനഘയ്ക്ക് ഇതിനിടെ തേവരയിൽ ട്രൈബൽ വകുപ്പിന്റെ കോച്ചിംഗ് സെന്ററിൽ പ്രവേശനം കിട്ടിയത് അനുഗ്രഹമായി. അനുജത്തിക്ക് മെഡിസിന് ചേർന്നതോടെ മേഘ തുടർപഠനത്തിന് ഒരുങ്ങുകയാണ്. മെഡിസിനിൽ പി.ജി എടുക്കണം. ഗ്രാമീണ സേവനമാണ് മനസിലെന്ന് അനഘ പറഞ്ഞു.

11-ാം റാങ്ക്

നന്നായെഴുതിയ നീറ്റ്പരീക്ഷ രാജ്യമാകെ റദ്ദായെങ്കിലും അനഘ പതറിയില്ല. രണ്ടാമതെഴുതി എസ്.ടി വിഭാഗത്തിൽ സംസ്ഥാനത്തെ 11-ാം റാങ്കുകാരിയായി. സെപ്തംബർ ഒന്നിന് ആദ്യ അലോട്ടുമെന്റിൽ തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശനവും നേടി.

English Summary

Anagha, from Idukki’s Kurangatti tribal village, secured MBBS admission at Kottayam Government Medical College on a merit seat, a first for her community. Her mother, Sreeja, an ASHA worker and former daily wage earner, supported her studies. Anagha, from the Malayaraya community, achieved the 11th rank in the ST category in NEET. She plans to pursue rural service after her medical studies.
RELATED TOPICS: MBBS ADMISSION, ANAGHA MBBS ADMISSION, IDUKKI TRIBAL STUDENT, SREEJA ANAGHA, KERALA MEDICAL ADMISSION


News ⏭️

Back to top button