പച്ചയും ചുവപ്പും നിറങ്ങളിൽ അത്ഭുത വാഴക്കുല; ലേലത്തിൽ കിട്ടിയത് 35,000 രൂപ

പച്ചയും ചുവപ്പും നിറങ്ങൾ ഇടകലർന്ന അപൂർവ വാഴക്കുല
ആലപ്പുഴ: പച്ചയും ചുവപ്പും നിറങ്ങൾ ഒരേ കുലയിൽ ഇടകലർന്ന അപൂർവ വാഴക്കുലയ്ക്ക് ലേലത്തിൽ ലഭിച്ചത് 35,000 രൂപ. കായംകുളം കാപ്പിൽ കിഴക്ക് മുസ്ലിം ജമാഅത്ത് നൂറുൽ ഹുദാ മദ്രസയുടെ വളപ്പിൽ വിളഞ്ഞ വാഴക്കുലയാണ് പ്രദേശവാസികൾക്ക് അത്ഭുത കാഴ്ചയായത്. ജുമുഅ നമസ്കാരത്തിന് ശേഷം മദ്രസാ വളപ്പിൽ നടത്തിയ ലേലത്തിലായിരുന്നു വാഴക്കുല വിറ്റത്. 1,000 രൂപയിൽ ആരംഭിച്ച ലേലം 35,000 രൂപയ്ക്ക് ഒരാൾ സ്വന്തമാക്കി. കാപ്പിൽ മിന്നാ പാലസ് ഉടമ ഷിനാസാണ് റെക്കോർഡ് തുകയ്ക്ക് വാഴക്കുല സ്വന്തമാക്കിയത്.
മദ്രസാ വളപ്പിൽ നട്ടിരുന്ന വാഴ കുലച്ചതോടെയാണ് വ്യത്യസ്ത നിറങ്ങളിലുള്ള പഴങ്ങൾ പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. സാധാരണയായി ചെങ്കദളിയും പച്ചവാഴയും വ്യത്യസ്തമായാണ് കുലയ്ക്കുന്നത്. എന്നാൽ ഇവിടെ ഒരേ കുലയിൽ പകുതി ഭാഗം പച്ചയും മറുഭാഗം ചുവപ്പും നിറത്തിലായിരുന്നു. വിസ്മയ കാഴ്ച കാണാൻ നിരവധി പേർ മദ്രസാ വളപ്പിലെത്തി. വാഴയുടെ വളർച്ചയ്ക്കിടെ കോശങ്ങളിൽ സംഭവിച്ച അപൂർവ ജനിതക വ്യതിയാനമായ ‘ചിമേര’ പ്രതിഭാസമാണ് പഴങ്ങളുടെ നിറവ്യത്യാസത്തിന് കാരണമെന്നാണ് കൃഷി വിദഗ്ധരുടെ വിശദീകരണം.
വാഴയുടെ വളർച്ചാ ഘട്ടത്തിൽ കോശങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് ഒരേ കുലയിൽ വ്യത്യസ്ത നിറങ്ങൾ പ്രത്യക്ഷപ്പെടാൻ കാരണമാകുന്നത്. നിറവ്യത്യാസമുണ്ടെങ്കിലും പഴത്തിന്റെ ഗുണനിലവാരത്തിലോ രുചിയിലോ കാര്യമായ മാറ്റമുണ്ടാകില്ലെന്നും ഇത് ഭക്ഷ്യയോഗ്യമാണെന്നും വിദഗ്ധർ വ്യക്തമാക്കി.
English Summary
A rare banana bunch with both red and green fruits was auctioned for 35,000 in Kayamkulam, Alappuzha. The unusual bunch, grown on the premises of Noorul Huda Madrasa, attracted significant public attention.
News ⏭️


