NEWS

കയ്‌പമംഗലം വാഹനാപകടം: ജില്ലയിലെ ദേശീയപാതകളിൽ സംയുക്ത പരിശോധനയ്ക്ക് കളക്ടറുടെ നിർ‌ദ്ദേശം

തൃശൂർ കയ്പമംഗലം ദേശീയ പാതയിലുണ്ടായ അപകടത്തിൽ നിശേഷം തകർന്ന കാർ

തൃശൂർ: കയ്പമംഗലത്ത് തമിഴ്‌നാട് സ്വദേശികളായ എട്ട് വിദ്യാർത്ഥികൾ മരിക്കാനിടയായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാതകളിൽ സംയുക്ത പരിശോധന നടത്താൻ ജില്ലാകളക്ടർ ശിഖ സുരേന്ദ്രൻ നിർദ്ദേശം നൽകി. എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ,​ പൊലീസ് ,​ മോട്ടോർ വാഹനവകുപ്പ്,​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തുക. ബുധനാഴ്ച വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി.

ദേശീയപാതകളിലെ റോഡ് പരിപാലനം, ഫുട്പാതുകൾ ശരിയായ നിരപ്പിലാണോ ഉള്ളത്, റോഡിലെ കുഴികൾ ഉണ്ടോ, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ, സർവീസ് റോഡുകളിൽ കൃത്യമായ വെളിച്ചവും ലൈറ്റിംഗും ഉണ്ടോ, പ്രതിഫലിക്കുന്ന സൂചനാ ബോർഡുകൾ ഉണ്ടോ, നിർമാണ സാമഗ്രികൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നുണ്ടോ, അനധികൃത പാർക്കിംഗ്, കൃത്യമായ ബാരിക്കേഡിംഗ്, ആവശ്യത്തിന് ട്രാഫിക് വാർഡൻമാരുടെ സേവനം എന്നിവ സംഘം പരിശോധിക്കും. ഇതിനുപുറമേ നിർമാണങ്ങളുടെ സ്ട്രക്ചറൽ സ്റ്റെബിലിറ്റി, സ്കൂൾ വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ചു കടക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ, കാൽനടയാത്രക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവയും വിലയിരുത്തും. മോട്ടോർ വാഹന വകുപ്പിന്റെ (ആർ ടി ഒ) നേതൃത്വത്തിൽ പ്രത്യേക പരിശോധനയും ഇതിനൊപ്പം നടക്കും.

കൂടാതെ, റോഡ് സുരക്ഷാ പരിശോധനകൾ നടത്തുവാൻ എല്ലാ തദ്ദേശ സ്വയഭരണ സ്ഥാപന സെക്രട്ടറിമാർക്കും നിർദ്ദേശം നൽകിയതായി എൽ എസ് ജി ഡി അറിയിച്ചു. അനധികൃത പാർക്കിംഗിനെതിരെ പോലീസും ആർ ടി ഒയും സ്പെഷ്യൽ ഡ്രൈവ് ശക്തമാക്കണമെന്നും ആവശ്യമെങ്കിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് നടപടിയെടുക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി.

കളക്ടറേറ്റ് വീഡിയോ കോണ്ഫെറൻസ് ഹാളിൽ നടന്ന യോഗത്തിൽ റൂറൽ പോലീസ് എസ് പി മുഹമ്മദ് നദീം, ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടർ കെ എസ് നസിയ, ഇരിങ്ങാലക്കുട ആർ ഡി ഒ പി ഷിബു, അസിസ്റ്റന്റ് കമ്മീഷണർ വിമൽ വി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
RELATED TOPICS: KAIPAMANGALAM ACCIDENT, KAIPAMANGALAM CAR ACCIDENT, NH INSPECTION, THRISSUR COLLECTOR, ROAD SAFTEY KERALA

Read News ⏭️

Back to top button