NEWS

അധ്യാപകരുടെയും സഹപാഠികളുടെയും ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ബിരുദ വിദ്യാർഥി കസ്റ്റഡിയിൽ


കൊച്ചി ∙ അധ്യാപകരുടെയും സഹപാഠികളുേടയും ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി മാറ്റി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന സംഭവത്തിൽ തൃക്കാക്കര ഭാരതമാതാ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വൈകിട്ട് കോളേജിൽ വിദ്യാർഥികൾ ഉപരോധ സമരം നടത്തുകയും ക്യാമ്പസിൽ വൻ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിദ്യാർത്ഥിയെ നിലവിൽ ചോദ്യം ചെയ്തുവരികയാണെന്നും എന്നാൽ ഔദ്യോഗിക അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യൽ പൂർത്തിയാക്കി വിശദമായ മൊഴികൾ രേഖപ്പെടുത്തിയ ശേഷം പ്രതി ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങളും സമൂഹമാധ്യമങ്ങളും ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. വിദ്യാർഥിയെ കോളജ് ‍പുറത്താക്കിയിരുന്നു. സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ചിത്രങ്ങളും വീഡിയോകളും ടെലഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വിവിധ ഗ്രൂപ്പുകളിലൂടെയും ഇയാൾ പ്രചരിപ്പിച്ചു എന്ന് എഫ്ഐആറിൽ പറയുന്നു. കോളജിൽ നടക്കുന്ന വിവിധ പരിപാടികളുടെ ചിത്രങ്ങള്‍ എടുത്ത് മോർഫ് ചെയ്യുകയായിരുന്നു. ഇത്തരം ചിത്രങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വിദ്യാർഥികൾ തന്നെയാണ് അധികൃതർക്ക് പരാതി നൽകിയത്. തുടർന്ന് പൊലീസിൽ അറിയിക്കുകയും അതോടൊപ്പം ചിത്രങ്ങൾ പ്രചരിപ്പിച്ച വിദ്യാർഥിയുടെ ഫോൺ അടക്കം കൈമാറുകയും ചെയ്തു. 


Fashion ⏭️

Back to top button