SPORTS
രോഹിത് ശർമ രോഷത്തിലായിരുന്നു, പക്ഷേ സമ്മതിച്ചു; വിരമിക്കൽ അഭ്യൂഹങ്ങളിൽ വെളിപ്പെടുത്തല്‍, ആ സംഭവം എല്ലാം മാറ്റി!

മുംബൈ∙ വെറ്ററൻ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ ഭാവി വ്യാഴാഴ്ച നടക്കുന്ന ബിസിസിഐ യോഗത്തിൽ ചർച്ചയാകും. ബിസിസിഐ പ്രതിനിധികളും ഇന്ത്യന്‍ ടീം പരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻമാരായ ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവരുമാണു യോഗത്തില്‍ പങ്കെടുക്കുന്നത്. വിരമിക്കുന്ന കാര്യത്തിൽ മൂന്നു താരങ്ങളുടെയും മേൽ നിലവിൽ സമ്മർദങ്ങളൊന്നുമില്ല. ഇന്ത്യൻ ടീമിൽ രോഹിത് ശർമയെ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് സിലക്ഷൻ കമ്മിറ്റി അംഗങ്ങളിലൊരാൾ താരത്തോടു തന്നെ പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. രോഹിത് ശർമ രോഷത്തോടെയാണ് ഇതിനോടു പ്രതികരിച്ചതെന്നും എന്നാൽ വിരമിക്കാൻ തയാറായിരുന്നതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു ശേഷം കരിയർ അവസാനിപ്പിക്കാനായിരുന്നു നീക്കം.ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്നു വിരമിച്ച രോഹിത് ശർമയും വിരാട് കോലിയും ഏകദിന ക്രിക്കറ്റിൽ മാത്രമാണ് ഇന്ത്യയ്ക്കായി നിലവിൽ കളിക്കുന്നത്. ഈ മാസം അവസാനം വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ഏകദിന പരമ്പര കളിക്കാനുണ്ട്. മത്സരങ്ങളില്ലാത്ത നീണ്ട ഇടവേളകളിൽ ഫിറ്റ്നസും ഫോമും നിലനിർത്തുകയെന്നതാണു സീനിയർ താരങ്ങൾക്കു മുന്നിലുള്ള വെല്ലുവിളി. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കു തുടർച്ചയായുണ്ടാകുന്ന പരുക്കും ബിസിസിഐയുടെ യോഗം ചർച്ച ചെയ്യും. 2027 ലോകകപ്പ് വിജയിക്കാൻ ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവ് ഇന്ത്യയ്ക്കു നിർണായകമാണ്.
Auto ⏭️


