സർക്കാർ സുപ്രീംകോടതിയിൽ: മധു വധക്കേസിൽ വെറുതേവിട്ട ഒന്നാം പ്രതിയെ ശിക്ഷിക്കണം

ന്യൂഡൽഹി: അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതി ഹുസൈനെ വെറുതേവിട്ട ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. പരമാവധി ശിക്ഷ നൽകണമെന്ന് അപ്പീലിൽ ആവശ്യപ്പെട്ടു.
ഹുസൈൻ സംഭവസ്ഥലത്തുണ്ടായിരുന്നതായി ഉണ്ണികൃഷ്ണൻ, സുരേഷ്, മണികണ്ഠൻ എന്നിവർ വിചാരണക്കോടതിയിൽ മൊഴി നൽകിയിരുന്നു. മധുവിനെ ഹുസൈൻ ചാടി ചവിട്ടിയെന്നാണ് ഉണ്ണികൃഷ്ണന്റെ മൊഴി. ഹുസൈൻ മധുവിന്റെ നെഞ്ചിൽ ചവിട്ടിയെന്നും തല ഭിത്തിയിൽ ഇടിക്കുന്നത് കണ്ടെന്നും സുരേഷ് പറഞ്ഞിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ കടന്നുവന്ന് ഒന്നാംപ്രതി ചവിട്ടിയെന്നായിരുന്നു മണികണ്ഠന്റെ മൊഴി.
എന്നാൽ, നിർണായകമായ മൊഴികൾ ഹൈക്കോടതി പരിഗണിച്ചില്ലെന്ന് സർക്കാർ
വാദിച്ചു. തെളിവുകളും ഹൈക്കോടതി കൃത്യമായി പരിശോധിച്ചില്ല. സർക്കാരിന്റെ സ്റ്റാൻഡിംഗ് കോൺസൽ അൽജോ കെ. ജോസഫ് മുഖേനയാണ് അപ്പീൽ സമർപ്പിച്ചത്.
ഹുസൈന് 7 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് 2023 ഏപ്രിലിൽ മണ്ണാർക്കാട് വിചാരണക്കോടതി വിധിച്ചിരുന്നത്. എന്നാൽ, ഹുസൈനെതിരെ തെളിവില്ലെന്ന് നിരീക്ഷിച്ചാണ് 2026 മേയിൽ ഹൈക്കോടതി വെറുതേവിട്ടത്. ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ കുടുംബവും സർക്കാരും സമർപ്പിച്ച ഹർജികളിലായിരുന്നു വിധി.
മറ്റു രണ്ടു പ്രതികളെ
വെറുതേവിട്ടതിലും അപ്പീൽ
നാലാം പ്രതി അനീഷ്, 11-ാം പ്രതി അബ്ദുൾ കരീം എന്നിവരെ വിചാരണക്കോടതി വെറുതേവിട്ടത് ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയും സർക്കാർ അപ്പീൽ നൽകും. വിചാരണക്കോടതി 3 മാസം തടവ് വിധിച്ച 16-ാംപ്രതി മുനീറിന് ശിക്ഷ ഒരു വർഷമാക്കി ഹൈക്കോടതി വർദ്ധിപ്പിച്ചിരുന്നു. ഇയാളുടെ ശിക്ഷ കൂട്ടണമെന്നും ആവശ്യപ്പെും. കേസിൽ 12 പ്രതികൾ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ്.


