NEWS

ലൈഫിലെ അരക്കോടി തട്ടിയ വി.ഇ.ഒ അറസ്റ്റിൽ

കോന്നി: രണ്ട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയുടെ അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ. കോന്നി മ്ലാന്തടം പുത്തൻവിളയിൽ വീട്ടിൽ എം.ആർ. റാണി ലക്ഷ്മിയാണ് കോന്നി പൊലീസിന്റെ പിടിയിലായത്. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽ നിന്നാണ് തട്ടിയെടുത്തത്. പഞ്ചായത്ത് സെക്രട്ടറിമാർ നൽകിയ പരാതിയിലാണ് അറസ്റ്റ്.

ലൈഫ് ഗുണഭോക്താക്കൾക്ക് വീട് നിർമ്മിക്കുന്നതിനും വീടുകളുടെ അറ്റകുറ്റപ്പണിക്കുമായി അനുവദിച്ച പണം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് റാണി ലക്ഷ്മി മാറ്റിയതായി പൊലീസ് പറഞ്ഞു. കൊല്ലം നീണ്ടകരയിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കാണ് 51,23,000 രൂപ മാറ്റിയത്. പഞ്ചായത്തിന് പുറത്ത് താമസിക്കുന്ന ബന്ധുക്കളേയും സുഹൃത്തുക്കളേയും ഗുണഭാേക്താക്കളാക്കി വ്യാജരേഖയും ചമച്ചു.

വീടുപണി പൂർത്തീകരിച്ചവർക്ക് പണം നൽകാൻ കാലതാമസം വന്നതോടെ പഞ്ചായത്ത് ഭരണസമിതികൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പണം തിരിച്ചടയ്ക്കാതിരുന്നതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

തട്ടിപ്പ് നേരത്തേയും

 റാണി ലക്ഷ്മി നേരത്തെ ജോലി ചെയ്തിരുന്ന അരുവാപ്പുലം പഞ്ചായത്തിലും സമാനമായ തട്ടിപ്പ് നടന്നതായി സംശയിക്കുന്നു

 ബന്ധുക്കളുമായി അടിപിടിയുണ്ടായ സംഭവത്തിൽ ഇവർക്കെതിരെ നേരത്തെ കോന്നി പൊലീസ് കേസെടുത്തിട്ടുണ്ട്

Read News ⏭️

Back to top button