SPORTS

185 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട്, ഗോവിന്ദ് പൈയ്ക്ക് സെഞ്ചറി, വമ്പന്‍ വിജയവുമായി റോയൽസ് ഒന്നാമത്


തിരുവനന്തപുരം∙ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ തകർപ്പൻ വിജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൻഡ്രം റോയൽസ്. കൊച്ചി പടുത്തുയർത്തിയ 197 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം രണ്ടു വിക്കറ്റ് നഷ്ടത്തിൽ പത്ത് പന്തുകൾ ബാക്കിനിൽക്കെ ട്രിവാൻഡ്രം മറികടന്നു. റോയൽസിന് എട്ടു വിക്കറ്റിന്റെ വമ്പൻ വിജയം. ക്യാപ്റ്റൻ കൃഷ്ണപ്രസാദും സെഞ്ചറി നേടിയ ഗോവിന്ദ് പൈയും ചേർന്ന റെക്കോർഡ് കൂട്ടുകെട്ടാണ് ടീമിന് അനായാസ വിജയം ഒരുക്കിയത്. കൊച്ചി ബ്ലൂ ടൈഗേഴ്സ്: 20 ഓവറിൽ 196/7, ട്രിവാൻഡ്രം റോയൽസ്: 18.2 ഓവറിൽ 197/2.മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിവാൻഡ്രത്തിന് 12 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. അഭിഷേക് ജെ. നായർ രണ്ടും സുധീഷ് മോഹൻ നാല് റൺസും നേടി മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റിൽ കൃഷ്ണപ്രസാദും ഗോവിന്ദ് ദേവ് പൈയും ഒരുമിച്ചതോടെ കളിയുടെ ഗതിമാറി. സമ്മർദ്ദങ്ങളില്ലാതെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് അനായാസം കളി വരുതിയിലാക്കി. ഏദൻ ആപ്പിൾ ടോം എറിഞ്ഞ ആറാം ഓവറിൽ മൂന്ന് സിക്സർ പറത്തി ഇരുവരും ചേർന്ന് സ്കോർ അമ്പത് കടത്തി. പത്താം ഓവറിൽ റോയൽസിന്റെ സ്കോർ 100 പിന്നിട്ടു. ഇരുവരും 28 പന്തുകളിൽ നിന്നാണ് അർധസെഞ്ചറി തികച്ചത്. തുടർന്നും അനായാസം ഷോട്ടുകൾ പായിച്ച ഇരുവരും ചേർന്ന് പത്ത് പന്തുകൾ ശേഷിക്കെ ടീമിനെ വിജയത്തിലെത്തിച്ചു.


Auto ⏭️

Back to top button