NEWS

ജീവിതച്ചെലവ് താങ്ങാൻ വയ്യ; ഫ്രാൻസിലെ പ്രക്ഷോഭം മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു


പാരിസ് ∙ വർധിക്കുന്ന ജീവിതച്ചെലവുകൾക്കെതിരെ ഫ്രാൻസിൽ കത്തിപ്പടർന്ന സർക്കാർവിരുദ്ധ യുവജനപ്രക്ഷോഭം മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. ഇറ്റലി, ബൽജിയം, പോർച്ചുഗൽ, അൽബേനിയ എന്നീ രാജ്യങ്ങളിലും ശനിയാഴ്ച സർക്കാർവിരുദ്ധ റാലികൾ നടന്നു. ശനിയാഴ്ച ഫ്രാൻസിലെങ്ങും 8 ലക്ഷം പേരാണു തെരുവിലിറങ്ങിയത്. പല നഗരങ്ങളിലും സമരം അക്രമാസക്തമായി. പാരിസിലടക്കം വിവിധ നഗരങ്ങളിൽ ആഡംബരവസ്ത്രശാലകളും മൊബൈൽ ഷോപ്പുകളും സൂപ്പർമാർക്കറ്റുകളും കൊള്ളയടിച്ചു. റോഡുകളിൽ കാറുകൾക്കു തീയിട്ടു. സർക്കാർ ഓഫിസുകൾക്കും പൊലീസ് വാഹനങ്ങൾക്കും നേരെ ആക്രമണമുണ്ടായി.മാഴ്സെയിൽ കറുപ്പണിഞ്ഞ പ്രക്ഷോഭകർ സിറ്റിഹാളിൽ കടന്നു ഭിത്തികളിൽ മുദ്രാവാക്യങ്ങളെഴുതി. ലിമോഷ് നഗരത്തിലെ ചരിത്രപ്രശസ്തമായ സിറ്റിഹാളിനു തീയിട്ടു. 1873 ൽ നിർമിച്ച സിറ്റിഹാൾ ഗോപുരം പൂർണമായും കത്തിയമർന്നു. ലിയോണിൽ ടൂറിസ്റ്റ് ഓഫിസിനു തീയിട്ടു. വിവിധ നഗരങ്ങളിലായി 1200 പേർ അറസ്റ്റിലായി. അടുത്തവർഷം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്മാനുവൽ മക്രോ സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായത്.


Fashion ⏭️

Back to top button