NEWS

സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു


തിരുവനന്തപുരം ∙ കേരള സര്‍വകലാശാലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസിനു നേരെ വടിയെറിഞ്ഞ പ്രവര്‍ത്തകര്‍ ഷീല്‍ഡ് പിടിച്ചുവാങ്ങാനും ശ്രമിച്ചു. ഇതോടെ പൊലീസ് ലാത്തി വീശി. തുടര്‍ന്ന് മുതിര്‍ന്ന സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ വലിയ ഏറ്റുമുട്ടല്‍ ഒഴിവായി. തിങ്കളാഴ്ച വന്ദേമാതരം വിവാദത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കേരള സര്‍വകലാശാലയിലേക്കു നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. പൊലീസ് നടപടിയില്‍ വനിതാ പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ പരുക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ചത്തെ സെക്രട്ടേറിയറ്റ് മാര്‍ച്ച്.


Fashion ⏭️

Back to top button