BUSINESS

പുരപ്പുറ സോളർ: പിഎം സൂര്യഘർ സബ്സിഡി പദ്ധതി തീരുന്നു; ഇനി മാസങ്ങൾ മാത്രം ബാക്കി, 66 വെൻഡർമാർക്ക് കേന്ദ്രത്തിന്റെ വിലക്ക്


ന്യൂഡൽഹി ∙ പ്രധാനമന്ത്രി സൂര്യഭവനം സൗരോർജ പദ്ധതിയിൽ ഉപഭോക്താക്കളിൽനിന്ന് അപേക്ഷ സ്വീകരിച്ച ശേഷം സമയബന്ധിതമായി സോളർ സംവിധാനം സ്ഥാപിക്കാത്ത വെൻഡർമാർക്കെതിരെ നടപടി. ഇത്തരത്തിലുള്ള 66 വെൻഡർമാരെ ഒരു മാസത്തേക്കു പദ്ധതിയുടെ പോർട്ടലിൽനിന്നു വിലക്കിയതായി കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയം അറിയിച്ചു. ഇൻസ്റ്റലേഷനുകൾ നടത്താൻ സംവിധാനമില്ലാതെ അപേക്ഷകൾ കൂട്ടത്തോടെ കൈവശം വയ്ക്കുന്ന രീതി വ്യാപകമാകുന്നതായി മന്ത്രാലയം വിലയിരുത്തി. വിലക്കിയ വെൻഡർമാർക്ക് പുതിയ അപേക്ഷകൾ സ്വീകരിക്കാനാവില്ല. ഇതിനകം ലഭിച്ച അപേക്ഷകളിലെ ഇൻസ്റ്റലേഷൻ പൂർത്തിയാക്കുന്നതിനായി പോർട്ടൽ ആക്സസ് തുടരും. നടപടി നേരിട്ട വെൻഡർമാർക്ക് കുടിശിക തീർക്കാൻ 30 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. പിഎം സൂര്യഭവനം പദ്ധതിയുടെ കാലാവധി അവസാനിക്കാൻ 9 മാസമാണ് ഇനി ബാക്കി. കൃത്യമായ കാരണമില്ലാതെ അപേക്ഷകൾ 60 ദിവസത്തിൽ കൂടുതൽ കൈവശം വയ്ക്കരുതെന്നും വെൻഡർമാർക്ക് നിർദേശമുണ്ട്.ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കേരളത്തിൽ നിന്ന് പദ്ധതിയിലേക്കായി ആകെ ലഭിച്ച അപേക്ഷകൾ 4.36 ലക്ഷമാണ്. 3.37 ലക്ഷം വീടുകളിൽ പുരപ്പുറ സോളർ സ്ഥാപിച്ചു. ഇതിൽനിന്നുള്ള ഉൽപാദനശേഷി 1282.27 മെഗാവാട്ട്. സബ്സിഡിയായി 2223.81 കോടിയും കേരളത്തിലെ ഉപഭോക്താക്കൾക്ക് ലഭിച്ചു. പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന പ്രകാരം 3 വിഭാഗങ്ങളിലായാണ് ഉപഭോക്താക്കൾക്ക് സബ്സിഡി ലഭിക്കുക. ഒരു കിലോവാട്ട് സോളർ സിസ്റ്റം വയ്ക്കുന്നവർക്ക് 30,000 രൂപവരെ. 2 കിലോവാട്ടിന് 60,000 രൂപവരെ. 3 കിലോവാട്ടിന് പരമാവധി 78,000 രൂപ. ഒരു കിലോവാട്ട് സോളർ സിസ്റ്റം സ്ഥാപിക്കാൻ ഏതാണ്ട് 60,000 രൂപ മുതൽ 80,000 രൂപവരെ ചെലുവരാം. 2 കിലോവാട്ട് സിസ്റ്റം സ്ഥാപിച്ചാൽ ചെലവ് 1.20 ലക്ഷം മുതൽ 1.60 ലക്ഷം രൂപവരെയാകാമെന്നും വിപണിയിലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 3 കിലോവാട്ട് സിസ്റ്റത്തിന് ചെലവ് 1.80 ലക്ഷം രൂപ മുതൽ 2.5 ലക്ഷം രൂപവരെ. 


Travel ⏭️

Back to top button