NEWS

കെഎസ്ആർടിസി സ്വകാര്യ വാടക എസി ബസുകൾ കൂടുതൽ റൂട്ടുകളിൽ സർവീസ് തുടങ്ങും


ബെംഗളൂരു ∙ പൂജ, ദസറ സീസണിൽ കേരള ആർടിസിയുടെ സ്വകാര്യ വാടക എസി ബസുകളുടെ സർവീസ് കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്നു. കണ്ണൂർ, തൃശൂർ, എറണാകുളം, കോട്ടയം, അടൂർ, കൊല്ലം എന്നിവിടങ്ങളിലേക്കും അധികം വൈകാതെ ബസുകൾ എത്തും. എസി സീറ്റർ ബസുകൾക്ക് പുറമേ സീറ്റർ കം സ്ലീപ്പർ, സ്ലീപ്പർ ബസുകളും സർവീസിന് ലഭിക്കും. നിലവിൽ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലേക്കും മൈസൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുമാണ് സർവീസ് നടത്തുന്നത്. 3 മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്താണ് വാടക ബസ് സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. ഉത്സവസീസണുകളിലെ തിരക്ക് പരിഗണിച്ച് സംസ്ഥാനാന്തര റൂട്ടുകളിലോടാൻ 6 മാസത്തേക്ക് 63 എസി ബസുകൾ വാടകയ്ക്കെടുക്കാനാണ് കേരള ആർടിസി കരാർ ക്ഷണിച്ചിരുന്നത്. ഇതിൽ ആരും താൽപര്യം പ്രകടിപ്പിക്കാത്തതിനെ തുടർന്നാണ് സമയപരിധി കുറച്ചത്. 5 വർഷത്തിൽ താഴെ പഴക്കമുള്ള ബസുകൾക്കു മാത്രമാണ് സംസ്ഥാനാന്തര റൂട്ടിൽ അനുമതി നൽകുന്നത്.എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നതെങ്കിലും കൂടുതൽ യാത്രക്കാർ കയറുന്നത് എറണാകുളം വൈറ്റില ടെർമിനൽ, തൃശൂർ മണ്ണുത്തി ബൈപാസ്, പാലക്കാട് ചന്ദ്രനഗർ ബൈപാസ് എന്നിവിടങ്ങളിൽ നിന്നാണ്. ഇവിടെ നിന്ന് ഓൺലൈനിൽ ടിക്കറ്റെടുക്കുന്നവരും ആലപ്പുഴയിൽ നിന്ന് ബെംഗളൂരു വരെയുള്ള 1360 രൂപ തന്നെ നൽകണം. രാത്രി 8ന് സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 8ന് ആലപ്പുഴയിലെത്തും. വൈകിട്ട് 5.30ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് രാവിലെ 5.55ന് ബെംഗളൂരുവിലെത്തും


Fashion ⏭️

Back to top button