NEWS

ഓണം വെള്ളത്തിലാകാൻ സാദ്ധ്യത; ഭീഷണിയായി ന്യൂനമർദ്ദവും കള്ളക്കടൽ പ്രതിഭാസവും

ശക്തമായ തിരമാല കടൽ ഭിത്തിയിലേക്ക് ആഞ്ഞടിക്കുമ്പോൾ അപകടകരമായ രീതിയിൽ മീൻ പിടിക്കുന്ന യുവാക്കൾ. ഞാറയ്ക്കൽ ബീച്ചിൽ നിന്നുള്ള കാഴ്ച്ച (ഫോട്ടോ: അനുഷ്‍ ഭദ്രൻ)

തിരുവനന്തപുരം: സംസ്ഥാനം ഓണാഘോഷങ്ങളിലേയ്ക്ക് കടക്കവേ ആശങ്കയായി ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട ന്യൂനമർദ്ദം. വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിൽ ഇന്നുമുതൽ ഓഗസ്റ്റ് 27 വരെയുള്ള ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഓഗസ്റ്റ് 23, 24, 25 തീയതികളിലായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

23/08/2026 : പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

24/08/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ

25/08/2026 : കോട്ടയം, ഇടുക്കി, എറണാകുളം

മലയോര മേഖലകളിൽ മഴ കൂടുതൽ ശക്തമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ ഓഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് നിർദേശമുണ്ട്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം എഫ് എച്ച് മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.

Read News ⏭️

Back to top button