LIFESTYLE
വീടുകളിലെയും മറ്റും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് യുവാവ് സമ്പാദിക്കുന്നത് ലക്ഷങ്ങൾ!

കുടുംബത്തിലെ ഒരു വിവാഹച്ചടങ്ങിൽ വച്ചാണ് പ്രതം എന്ന എക്സ് ഉപയോക്താവ് തന്റെ ബന്ധുവിനെ കാണുന്നത്. കാര്യമായ ബിസിനസോ വലിയ ജോലി തിരക്കുകളോ ഇല്ലാത്ത സാധാരണക്കാരൻ എന്ന് കരുതിയ ആ ബന്ധുവിന്റെ കയ്യിൽ കെട്ടിയ ഒരു ലിമിറ്റഡ് എഡിഷൻ റോളക്സ് വാച്ച് പ്രതത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ‘നിങ്ങൾ യഥാർഥത്തിൽ എന്താണ് ചെയ്യുന്നത്?’ എന്ന ലളിതമായ ചോദ്യത്തിൽ നിന്നാണ് ഇന്റർനെറ്റിനെ അമ്പരപ്പിച്ച ആ ബിസിനസ് രഹസ്യം പുറത്തുവന്നത്. ‘പ്ലാസ്റ്റിക് ബിസിനസ്’ എന്നായിരുന്നു ആ ബന്ധുവിന്റെ മറുപടി.13 രൂപയിൽ നിന്ന് 90 രൂപയിലേക്ക്പ്ലാസ്റ്റിക് കച്ചവടം എന്ന് കേട്ടപ്പോൾ പുതിയ കുപ്പികളോ കവറുകളോ നിർമിച്ച് വിൽക്കുന്ന ഫാക്ടറിയാണെന്നാണ് പ്രതം കരുതിയത്. എന്നാൽ യഥാർഥ കച്ചവടം പ്ലാസ്റ്റിക് മാലിന്യങ്ങൾ വീണ്ടെടുക്കുന്നതിലായിരുന്നു. റോഡരികിലും ഓടകളിലും തള്ളുന്ന മാലിന്യങ്ങൾ, വീടുകളിലും ഹൗസിങ് കോളനികളിലുമുള്ള പഴയ പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് വേസ്റ്റുകൾ എന്നിവ കിലോയ്ക്ക് ഏകദേശം 13 രൂപ നിരക്കിൽ വാങ്ങുന്നു. ഈ മാലിന്യങ്ങളെ തരംതിരിച്ച്, വൃത്തിയാക്കി, ഉരുകി ചെറിയ ‘ഗ്രാനൂളുകൾ’ (Recycled plastic pellets) ആക്കി മാറ്റുന്നു. വേർതിരിച്ചെടുത്ത ഈ പ്ലാസ്റ്റിക് തരികൾ പിന്നീട് നിർമാണ മേഖലയിലേക്ക് കിലോയ്ക്ക് 80 മുതൽ 90 രൂപ വരെ വിലയിൽ വിൽക്കപ്പെടുന്നു. അതായത് വാങ്ങിയ തുകയുടെ 6 മുതൽ 7 ഇരട്ടി വരെ മൂല്യവർധന.പ്രതിമാസം 50 ടൺ (50,000 കിലോ) ഗ്രാനൂളുകൾ ഉൽപാദിപ്പിക്കുന്ന ഒരു യൂണിറ്റിന് കിലോയ്ക്ക് 80 രൂപ നിരക്കിൽ കണക്കാക്കിയാൽ പോലും പ്രതിമാസം 40 ലക്ഷം രൂപയുടെ വിറ്റുവരവ് ലഭിക്കും. തൊഴിൽ ചെലവ്, യന്ത്ര പരിപാലനം, ഗതാഗതം എന്നിവ കഴിച്ചുള്ള അറ്റാദായം പോലും ഉടമയ്ക്ക് ഒരു റോളക്സ് വാച്ച് സമ്മാനിക്കാൻ തക്കവണ്ണം വലുതാണ്. ഈ പ്ലാസ്റ്റിക് തരികൾ പിന്നീട് കാർ ഡാഷ്‌ബോർഡുകൾ, ഓട്ടോ ഭാഗങ്ങൾ, വസ്ത്ര നാരുകൾ, പൈപ്പുകൾ തുടങ്ങി ഒട്ടേറെ വ്യാവസായിക ഉൽപന്നങ്ങളായി മാറുന്നു.ഇന്ത്യയിലെ പ്ലാസ്റ്റിക് പുനരുപയോഗ ശൃംഖലഇത് ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് ഇന്ത്യയിലെ ബൃഹത്തായ പ്ലാസ്റ്റിക് റീസൈക്ലിങ് വ്യവസായത്തിന്റെ യഥാർഥ ചിത്രമാണ്. മാലിന്യം ശേഖരിക്കുന്നവരും, ആക്രിക്കടക്കാരും, ചെറുകിട അഗ്രഗേറ്റർമാരുമാണ് ഈ വ്യവസായത്തിന്റെ വേരുകൾ. ഇവരുടെ കൃത്യമായ തരംതിരിക്കലില്ലാതെ വ്യവസായത്തിന് നിലനിൽപ്പില്ല. കേന്ദ്ര സർക്കാരിന്റെ ‘എക്സ്റ്റൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി’ (ഇപിആർ) ചട്ടക്കൂട് അനുസരിച്ച്, പ്ലാസ്റ്റിക് ഉൽപ്പാദിപിക്കുന്ന കമ്പനികൾ തങ്ങൾ വിപണിയിലിറക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തിരികെ ശേഖരിച്ച് പുനരുപയോഗിക്കാൻ നിയമപരമായി ബാധ്യസ്ഥരാണ്. ഇത് ഈ രംഗത്തുള്ളവർക്ക് വലിയ വിപണി സാധ്യത നൽകുന്നു.
Cinema ⏭️


