NEWS
ഗുരുവായൂരിൽ കല്യാണത്തിരക്ക്; ബുക്കിങ് 444, രണ്ട് മണിക്കൂറിൽ 137 വിവാഹം

ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഇന്ന് വിവാഹങ്ങളുടെ എണ്ണം റെക്കോർഡ് ആകും. ഇന്നലെ വരെ 444 വിവാഹങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്. ഇന്ന് സ്പോട്ട് ബുക്കിങ് കൂടിയായാൽ എണ്ണം 450 കടന്നേക്കും. പുലർച്ചെ 4 മുതൽ 6 കല്യാണ മണ്ഡപങ്ങളിലായി വിവാഹങ്ങൾ നടന്നു. നാല് മണിക്ക് വിവാഹങ്ങൾ തുടങ്ങിയെന്നും രണ്ട് മണിക്കൂറിൽ 137 വിവാഹം കഴിഞ്ഞതായും ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എ.വി.ഗോപിനാഥ് പറഞ്ഞു. എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കല്യാണസംഘങ്ങൾ മുഹൂർത്തത്തിന് മുൻപേ മേൽപുത്തൂർ ഓഡിറ്റോറിയത്തിനു സമീപമുള്ള കൗണ്ടറിൽ നിന്ന് ടോക്കൺ എടുക്കണം. ഒരു സംഘത്തിൽ ഫൊട്ടോഗ്രഫർ അടക്കം 24 പേർക്കാണ് പ്രവേശനം. ഇവർക്ക് ഇരിപ്പിടം ഒരുക്കും. ∙ വിവാഹ റജിസ്ട്രേഷൻ വിവാഹ റജിസ്ട്രേഷന് കിഴക്കേനടയിൽ കല്യാണ മണ്ഡപത്തിനടുത്ത് നഗരസഭാ റജിസ്ട്രേഷൻ ഓഫിസ് രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കും. റജിസ്ട്രേഷന് 2 അധിക കൗണ്ടർ ഉണ്ടാകും. വധുവരന്മാർക്കൊപ്പം 2 സാക്ഷികൾ മാത്രം എത്തിയാൽ മതി. രേഖകൾ കൃത്യമാണെങ്കിൽ അന്നു തന്നെ വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കും. ∙ ആവശ്യമായ രേഖകൾ വധൂവരന്മാരുടെ ഫോട്ടോ, ആധാർ കാർഡ്, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ, ജനന തീയതി തെളിയിക്കുന്ന ആധികാരിക രേഖ (സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ്), വിവാഹം നടന്നതിന് ക്ഷേത്രത്തിൽ നിന്നുള്ള സാക്ഷ്യപത്രം അല്ലെങ്കിൽ ഗസറ്റഡ് ഓഫിസർ, എംപി, എംഎൽഎ, മേയർ, പഞ്ചായത്ത് പ്രസിഡന്റ്, കൗൺസിലർമാർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരിൽ ആരെങ്കിലും ഒപ്പിട്ട ഫോം 2 സാക്ഷ്യപത്രം.
Fashion ⏭️


