NEWS
ദേ ഓണം മുറ്റത്ത്; ഓണവരവറിയിച്ച് ഓണപ്പൊട്ടൻ

പേരാമ്പ്ര ∙ നാട്ടിലെങ്ങും ഓണം തകൃതിയായി. ഓണപ്പൊട്ടന്മാരും നാട്ടിൽ ഇറങ്ങി തുടങ്ങി. ഓണക്കാലത്ത് നാടുകാണാൻ എത്തുന്ന മഹാബലി എന്നതാണ് ഓണേശ്വരനെ പറ്റിയുള്ള വിശ്വാസം. ഉത്രാടം, തിരുവോണം നാളുകളിലാണ് പയ്യോർമല, കടത്തനാടൻ നാടുകളിൽ ഓണേശ്വരൻ എത്തുന്നത്. ഉത്രാടം നാളിൽ രാവിലെ കേട്ടു തുടങ്ങും കൈമണികളുടെ കിലുക്കം നാട്ടിലെങ്ങും. ഓണപ്പൊട്ടന്റെ വരവിനായി കാത്തിരിക്കുന്ന നാട്ടുകാർ വിളക്കും നിറനാഴിയും വച്ച് കത്തിരിക്കുമ്പോൾ വീടുകളിൽ എത്തുന്ന ഓണപ്പൊട്ടൻ അരിയും പൂവും ചാർത്തി അനുഗ്രഹവും നൽകിയാണ് ദക്ഷിണയും വാങ്ങി മടങ്ങുന്നത്.ചങ്ങരോത്ത് പഞ്ചായത്തിൽ പാരമ്പര്യമായി ഓണപ്പൊട്ടൻ കെട്ടുന്നത് ആവടുക്കയിലുള്ള മലയ സമുദായത്തിലെ തച്ചമ്പാറ കുടുംബമാണ്. ഇവർ ഇപ്പോൾ താമസിക്കുന്നത് ആവടുക്കയിലെ തച്ചംപാറ ലക്ഷം വീടു കോളനിയിലാണ്. പേരാമ്പ്ര നൊച്ചാട് ഭാഗങ്ങളിൽ നിന്നും 50 വർഷങ്ങൾക്ക് മുൻപാണ് ഇവർ ഇവിടെ എത്തി താമസമാക്കിയത്. അന്നു മുതൽ ഇവർ തന്നെയാണ് ഓണേശ്വരൻ കെട്ടി നാട്ടിലെങ്ങും എത്തുന്നതും. അന്ന് കുടുംബനാഥൻ ചാത്തുപണിക്കരായിരുന്നു ഓണേശ്വരൻ കെട്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ 10 വർഷമായി 80 കഴിഞ്ഞ പണിക്കർ കാൽമുട്ട് വേദന കാരണം ഓണേശ്വരൻ കെട്ടാറില്ലെങ്കിലും മക്കൾക്കും കൊച്ചുമക്കൾക്കും ചമയങ്ങൾ ഒരുക്കുകയും നിർദേശം നൽകുകയുമാണ് ചെയ്യുന്നത്. പണിക്കരുടെ രണ്ട് മക്കളും ആറാം വയസ്സ് മുതൽ ഓണേശ്വരൻ കെട്ടാൻ തുടങ്ങിയിട്ടുണ്ട്. മൂത്തമകൻ അനീഷും ഇളയ മകൻ അഭിലാഷും 40 വർഷത്തോളമായി ഓണേശ്വരൻ കെട്ടുന്നുണ്ട്.
Fashion ⏭️


