NEWS

എയിംസ് ഇപ്പോൾ ഇല്ലെന്ന് കേന്ദ്രം, വരുമെന്ന് സുരേഷ് ഗോപി; തറക്കല്ലിടാതെ ഇനി വോട്ട് ചോദിക്കില്ലെന്ന് കേന്ദ്രമന്ത്രി

സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ മുൻഗണനയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത് മുൻഗണനയെക്കുറിച്ച് മാത്രമാണെന്നും കേരളത്തിൽ എയിംസ് വരുമെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. തുടങ്ങിയ കാലം മുതൽ എയിംസിന്റെ പേരിൽ തർക്കങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഒരു കാര്യം മനസിലാക്കേണ്ടത്, തുടങ്ങിയ കാലം മുതൽ എയിംസിന്റെ പേരിൽ തർക്കം നടക്കുന്നുണ്ട്. ഇന്നലെ ഞാൻ ചോദിച്ചത് വീണ്ടും ആവർത്തിക്കുകയാണ്. തൃശൂരിനെ ഉൾപ്പെടുത്തി എവിടെയൊക്കെയാണ് സ്ഥലമെടുക്കുന്നതെന്ന് കേരളം കേന്ദ്ര സർക്കാരിനെ അറിയിച്ചോ? അഞ്ച് സ്ഥലം മിനിമം വേണം. ആ അഞ്ച് സ്ഥലം നിങ്ങൾ കൊടുത്തിട്ടുണ്ടോ? അതിൽ തൃശൂർ ഉണ്ടോ? ബാക്കി കോടതി ചോദിച്ചത് ജനങ്ങൾക്ക് വേണ്ടിയാണ്. അതിന് മറുപടി വന്നിട്ടുണ്ടാകും.

അടുത്ത ചോദ്യം, 2025 ജൂണിൽ എറണാകുളത്ത് വന്ന് ശ്രീ നദ്ദ പ്രസ്‌മീറ്റ് നടത്തിയപ്പോൾ പറഞ്ഞത് എന്താണ്? കേരളത്തിൽ എയിംസ് വരും എന്നാണ്. കൃത്യമായ സമയത്ത് കൃത്യമായ സ്ഥലത്ത് വരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയാണ് പറഞ്ഞത്. കേരളത്തിൽ എയിംസ് വരുമെന്നാണ് ഞാനും പറഞ്ഞത്. ആലപ്പുഴ വരണോ തൃശൂർ വരണോ എന്ന് ആദ്യം കേരള സർക്കാർ പറയൂ. കേരളത്തിൽ എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് ഞാൻ വരില്ല. ഇതിനപ്പുറം എന്ത് വാക്കാണ് എന്റെടുത്ത് നിന്ന് നിങ്ങൾക്ക് വേണ്ടത്’- സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ മുൻഗണനയില്ലെന്നാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ആദ്യം മറ്റ് സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കാനാണ് താൽപര്യമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങൾക്കാണ് ആദ്യ പരിഗണനയെന്നും കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എയിംസ് അനുവദിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്.

English Summary

Union Minister Suresh Gopi responded after the central government informed the High Court of no immediate priority for AIIMS in Kerala. Gopi clarified the statement concerned only priority, assuring AIIMS would eventually be established in the state. He highlighted ongoing location disputes and challenged the Kerala government to propose suitable sites, vowing not to seek votes until the project’s foundation stone is laid.
RELATED TOPICS: KERALA AIIMS, SURESH GOPI, AIIMS KERALA, CENTRE GOVERNMENT, KERALA HIGH COURT

Read News ⏭️

Back to top button