NEWS

ചെലവ് പൂർണമായും തൊഴിലുടമ വഹിക്കണം: യുഎഇയുടെ കരുതൽ, ലംഘിച്ചാൽ പെർമിറ്റ് തടയും


അബുദാബി∙ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഗാർഹിക തൊഴിലാളികളുടെയും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന തൊഴിലുടമകൾക്കെതിരെ കടുത്ത നടപടികളുമായി യുഎഇ മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. ആറ് പ്രധാന സാഹചര്യങ്ങളിലാണ് സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികളും ഭരണപരമായ പിഴകളും ചുമത്തുന്നത്.തൊഴിലാളിയെ ഇൻഷുറൻസ് പോളിസിയിൽ ചേർക്കാതിരിക്കുകയോ പോളിസി കൃത്യസമയത്ത് പുതുക്കാതിരിക്കുകയോ ചെയ്യുന്നത് പ്രധാന വീഴ്ചയായി കണക്കാക്കും.  തൊഴിലാളിയുടെ അത്യാഹിത ചികിത്സാ ചെലവുകളോ മറ്റ് ആരോഗ്യ സംരക്ഷണ ചെലവുകളോ വഹിക്കാൻ തൊഴിലുടമ വിസമ്മതിക്കുന്നതും, ഇൻഷുറൻസ് തുക പൂർണമായോ ഭാഗികമായോ തൊഴിലാളിയിൽ നിന്ന് ഈടാക്കുന്നതും ഗുരുതരമായ നിയമലംഘനമാണ്.ഇൻഷുറൻസ് കവറേജിന്റെ ചെലവ് പൂർണമായും തൊഴിലുടമ തന്നെ വഹിക്കണമെന്നും യാതൊരു കാരണവശാലും ഈ തുക തൊഴിലാളിയുടെ കയ്യിൽ നിന്ന് ഈടാക്കരുതെന്നും അധികൃതർ കർശന നിർദേശം നൽകി. തൊഴിൽ പെർമിറ്റ് നിലനിൽക്കുന്ന രണ്ടു വർഷവും ഇൻഷുറൻസിന് പ്രാബല്യം ഉണ്ടായിരിക്കണം.


Fashion ⏭️

Back to top button