NEWS

‘നേവിക്ക് കൊച്ചി അല്‍പം സ്പെഷൽ’; ‘ഇന്ത്യയുടെ ഭാവിയെ രൂപപ്പെടുത്തുന്നതിൽ കേരളത്തിന് നിർണായക പങ്ക്’: അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്‍


ഇന്ത്യന്‍ നേവിക്ക് കേരളവും, കൊച്ചിയും അല്‍പം സ്പെഷലാണെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്‍. ‘രാജ്യത്തിന്റെ പ്രഫഷണൽ ഹബ്ബാണ് കൊച്ചി. നേവിയിലെ ഓഫീസർമാരെ കൂടുതൽ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും കൊച്ചിയ്ക്ക് കഴിയുന്നു’. ‘കരുത്തിന്റെ കടലാഴങ്ങൾ – സമുദ്രങ്ങൾ ഇന്ത്യയുടെ ഭാവിയെ എങ്ങനെ രൂപപ്പെടുത്തും’ എന്ന വിഷയത്തിൽ മനോരമ ന്യൂസ് കോണ്‍ക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് സമുദ്രവുമായി ഉള്ളത് നൂറ്റാണ്ടുകളുടെ ബന്ധമാണ്, കടലിലുണ്ടാകുന്ന ഒരു തടസ്സം ആഗോളതലത്തിൽ രാജ്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പശ്ചിമേഷ്യൻ പ്രതിസന്ധി നമുക്ക് മനസിലാക്കി തന്നു. സമുദ്രസുരക്ഷയും സാമ്പത്തിക വളർച്ചയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ കേരളത്തിന് നിർണായക പങ്ക് വഹിക്കാനാകുമെന്നും രാജ്യത്തിന് കരുത്ത് പകരാന്‍ ആഗ്രഹിക്കുന്നവര്‍ നേവിയിലേക്ക് വരണമെന്നം’ അദ്ദേഹം പറഞ്ഞു.∙ ഹോർമുസ് വഴി ഏറ്റവും കൂടുതൽ കപ്പലുകള്‍ ഇന്ത്യയിലേക്ക് ‘സമുദ്ര മാർഗം ലഹരി കടത്തുന്ന സംഘങ്ങളെ നാവിക സേന നിരീക്ഷിക്കുകയും തടയാനാവശ്യമായ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന്’ കൃഷ്ണ സ്വാമിനാഥന്‍ വ്യക്തമാക്കി. കേരളത്തിൽ ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓപ്പറേഷൻ തൂഫാനെ പരാമർശിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ലഹരിയുമായി വരുന്ന കപ്പലുകളെ കടലിൽ വച്ച് പരിശോധിക്കാറുണ്ട്. പക്ഷേ, നേവിയുടെ ബോട്ട് വരുന്നത് കാണുമ്പോള്‍ ഇത്തരം സംഘങ്ങൾ ലഹരിമരുന്ന് മറയ്ക്കും. ബോട്ടിനകത്ത് പ്രത്യേക അറകൾ വരെ സംഘങ്ങള്‍ ഇതിനായി നിർമിച്ചിട്ടുണ്ട്’.‌


Fashion ⏭️

Back to top button