BUSINESS

മലബാർ ഗോൾഡ് ലക്ഷ്യമിടുന്നത് ലോകത്തെ നമ്പർ വൺ സ്ഥാനം: എം.പി.അഹമ്മദ്; ഐപിഒ ഉണ്ടാകും, ഒട്ടേറെ പേർക്ക് തൊഴിലും ലഭിക്കും


മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലക്ഷ്യമിടുന്നത് ലോകത്തെ ഒന്നാം നമ്പർ ജ്വല്ലറി ഗ്രൂപ്പെന്ന സ്ഥാനമാണെന്ന് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. അത് മലബാർ ഗോൾഡ് നേടിയെടുക്കുകതന്നെ ചെയ്യുമെന്നും മനോരമ ന്യൂസ് കോൺക്ലേവിൽ ‘ഇഎസ്ജി – ഉത്തരവാദിത്ത ബിസിനസിന്റെ പുത്തൻ വ്യവസ്ഥകൾ’ എന്ന വിഷയത്തിൽ പ്രശാന്ത് ആർ. നായരുമായി നടത്തിയ സംവാദത്തിൽ എം.പി. അഹമ്മദ് വ്യക്തമാക്കി.ഒരു ഇന്ത്യൻ ബ്രാൻഡ് ലോകമാകെ പരക്കുകയാണ്. മലബാർ ഗോൾഡിന്റെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടക്കും. നിലവിൽ 50ലേറെ കമ്പനികൾ ചേർന്ന കമ്പനിയാണിത്. 3800ലധികം നിക്ഷേപകരുമുണ്ട്. അവരിൽ 22% പേർ ജീവനക്കാർ തന്നെയാണ്. കമ്പനികളുടെ ലയനം 2027-28ഓടെ പൂർത്തിയാക്കാനാകുമെന്ന് കരുതുന്നു. ലോകത്തെ ഏറ്റവും മുൻനിര കൺസൾട്ടൻസികളായ ഇവൈ, പിഡബ്ല്യുസി, ഡിലോയിറ്റ് എന്നിവയാണ് ലയനത്തിന് സഹായിക്കുന്നത്. ലയനവും ഐപിഒയും ഒട്ടേറെപേർക്ക് ഗുണം ചെയ്യും. പാക്കേജിങ് മുതൽ ഉൽപന്നം ഉപഭോക്താക്കളിലേക്ക് എത്തുന്നതുവരെ ഒട്ടേറെ പേർക്ക് തൊഴിലവസരം ലഭിക്കുമെന്നും എം.പി. അഹമ്മദ് പറഞ്ഞു. മുറുകെപ്പിടിച്ചത് ക്വാളിറ്റിയും വിശ്വാസവുംകൊപ്രാ കച്ചവടത്തിൽ നിന്ന് സ്വർണാഭരണ ബിസിനസിലേക്ക് ചുവടുവയ്ക്കുമ്പോൾ മുറുകെപ്പിടിച്ച ലക്ഷ്യം നിലവാരം (ക്വാളിറ്റി) 100% പാലിക്കുകയെന്നതായിരുന്നു. രൂപയുടെ മൂല്യം ഇടിയുകയും ഭൂമിവില കൂടുകയും ചെയ്യുന്ന സമയമായിരുന്നു അത്. നാട്ടിലേക്ക് പണമയയ്ക്കുന്ന പ്രവാസികൾക്ക് നേട്ടം കിട്ടുന്ന കാലം. അങ്ങനെയാണ് സ്വർണാഭരണ രംഗത്തേക്ക് ചുവടുവച്ചത്. വിൽക്കുന്ന എല്ലാ ആഭരങ്ങളിലും 916 പരിശുദ്ധിയും ഹോൾമാർക്കും ഇവിടെ ആദ്യം ഉറപ്പാക്കിയത് മലബാർ ഗോൾഡാണ്. ‘ബ്യൂട്ടി മീൻസ് ക്വാളിറ്റി’ എന്നതായിരുന്നു ഞങ്ങളുടെ മുദ്രാവാക്യം. അത് ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. കോഴിക്കോടുനിന്ന് ആദ്യം അയൽ ജില്ലകളായ മലപ്പുറത്തേക്കും കണ്ണൂരേക്കും സാന്നിധ്യം വ്യാപിപ്പിച്ചു. ഇപ്പോൾ ലോകമെമ്പാടേക്കും.ജനങ്ങൾക്ക് ഏറ്റവും നല്ലത് കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഒപ്പം, പ്രകൃതിയെയും സമൂഹത്തെയും സംരക്ഷിക്കുകയും. ക്വാളിറ്റി എങ്ങനെ നിലനിർത്താം, കൂടുതൽ‌ മെച്ചപ്പെടുത്താം എന്ന് പഠിച്ചും ഗവേഷണം നടത്തിയുമാണ് ഈ ബിസിനസിലേക്ക് ഇറങ്ങിയത്. സ്വർണം ഗിഫ്റ്റായൊക്കെ കൊടുക്കുന്നതല്ലേ. അതിന് നിലവാരം ഉറപ്പാക്കുകതന്നെ വേണം. എവിടെ ബിസിനസ് ചെയ്യുമ്പോഴും ഇഎസ്ജി (എൻവയോൺമെന്റ്, സോഷ്യൽ, ഗവേണൻസ്) പ്രധാനമാണ്. ഓസ്ട്രേലിയയിലും സിംഗപ്പൂരിലും മറ്റും അത് നിർബന്ധവുമാണ്.


Travel ⏭️

Back to top button