SPORTS
അഭ്യൂഹങ്ങൾക്കു വിട, നിർണായക തീരുമാനമെടുത്ത് അർജുൻ തെൻഡുൽക്കർ, എങ്ങോട്ടുമില്ല

മുംബൈ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുല്‍ക്കർ ഈ സീസണിലും ഗോവയ്ക്കു വേണ്ടി കളിക്കും. 26 വയസ്സുകാരനായ ഇടംകയ്യൻ പേസർ ഐപിഎലിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനു വേണ്ടിയാണു കളിക്കുന്നത്. അടുത്തിടെ ഗോവ ഒമാനിൽ പര്യടനം നടത്തിയപ്പോൾ ടീമിലെ പ്രധാന താരമായ അർജുനെ ഒപ്പം കൂട്ടിയിരുന്നില്ല. ഇതോടെ വരാനിരിക്കുന്ന ആഭ്യന്തര സീസണിൽ താരം ഗോവ വിടുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് ഗോവയ്ക്കൊപ്പം തന്നെ തുടരാനാണ് അർജുന്‍ തെൻഡുൽക്കറുടെ തീരുമാനം.2021ൽ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് മുംബൈയിൽ ചേർന്ന അർജുന് പരുക്കേറ്റ് ഐപിഎൽ സീസൺ മുഴുവന്‍ നഷ്ടമായിരുന്നു. തൊട്ടടുത്ത സീസണില്‍ 30 ലക്ഷത്തിന് മുംബൈ വീണ്ടും താരത്തെ സ്വന്തമാക്കി. 2023 ൽ മുംബൈ ഇന്ത്യൻസ് ജഴ്സിയില്‍ തന്നെയായിരുന്നു അർജുന്റെ ഐപിഎൽ അരങ്ങേറ്റം. 2023 സീസണിൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ താരം 2024ലും ടീമിനൊപ്പം തുടർന്നു. കഴിഞ്ഞ ഐപിഎലിനു മുന്നോടിയായാണ് താരത്തെ ലക്നൗ സൂപ്പർ ജയന്റ്സിന് മുംബൈ വിറ്റത്.
Auto ⏭️


