HEALTH
കുഞ്ഞിന് ആറ് മാസത്തിന് മുമ്പ് കട്ടിയുള്ള ആഹാരം നല്കാമോ? മുട്ടയും പശുവിൻ പാലും എപ്പോൾ നല്കാം?

കുഞ്ഞെപ്പോൾ കരഞ്ഞാലും വിശന്നിട്ടാണെന്ന് ചുറ്റുമുള്ളവർ കുറ്റപ്പെടുത്തുന്നത് പതിവായി കേൾക്കേണ്ടി വരുന്നവരാണ് അമ്മമാർ. ആറ് മാസത്തിന് മുമ്പേ കഞ്ഞിവെള്ളവും കൂവവെള്ളവുമൊക്കെ കൊടുക്കൂ എന്ന് ഉപദേശിക്കുന്നവരും വേറെ. ഈ കുറ്റപ്പെടുത്തലുകൾക്കും ഉപദേശങ്ങൾക്കും ഇടയിൽ കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതലാണ് കട്ടിയാഹാരം നല്കാൻ പറ്റുകയെന്നത് ഇന്നും അമ്മമാരുടെ പ്രധാന സംശയങ്ങളിലൊന്നാണ്.ആദ്യം മുലപ്പാൽ ആദ്യത്തെ ആറുമാസം കുഞ്ഞിനു മുലപ്പാൽ അല്ലാതെ മറ്റൊരു ആഹാരവും നൽകാൻ പാടില്ല. ആറുമാസം പ്രായമാകാത്ത കുഞ്ഞിന്റെ ദഹന വ്യവസ്ഥ പൂർണ്ണമായും വികസിച്ചിട്ടില്ല. അതുകൂടാതെ അലർജി, ആണുബാധ എന്നിവ പിടിപെടാനുള്ള സാദ്ധ്യതയും കൂടുതലാണ്. ആദ്യത്തെ ആറുമാസം വരെ കുഞ്ഞിന്റെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ എല്ലാ പോഷകഘടകങ്ങളും മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്. ഇത് ദഹിപ്പിക്കാനും ആഗിരണം ചെയ്യാനും എളുപ്പമാണ്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന നിരവധി ഘടകങ്ങളാൽ മുലപ്പാൽ സമൃദ്ധമാണ്. ആദ്യദിനങ്ങളിൽ സ്രവിക്കുന്ന പാൽ അഥവാ കൊളസ്ട്രം നിരവധി പ്രോട്ടീനുകൾ, ഇമ്മ്യൂണോഗ്ലോബിൻ, വിറ്റാമിനുകൾ, ആന്റിബോഡികൾ തുടങ്ങിയവയാൽ സമ്പുഷ്ടമാണ്. കുഞ്ഞിന്റെ തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും വളർച്ചയ്ക്ക് മുലപ്പാൽ സഹായിക്കുന്നു.അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം വർദ്ധിപ്പിക്കുന്നതിന് പുറമേ മുലയൂട്ടൽ കൊണ്ട് അമ്മയ്ക്കുമുണ്ട് ഗുണങ്ങൾ. പ്രസവശേഷം ഉള്ള അമിത രക്തസ്രാവം കുറയ്ക്കാൻ മുലയൂട്ടൽ സഹായിക്കുന്നു. അണ്ഡാശയ, സ്താനാർബുദത്തിന്റെ സാദ്ധ്യത മുലയൂട്ടുന്ന അമ്മമാരിൽ കുറയുന്നതായാണ് പഠനങ്ങൾ.മുലയൂട്ടലിന്റെ ഓരോ ഘട്ടത്തിലും മുലപ്പാലിന്റെ ഘടന വ്യത്യസ്തമാണ്. കുഞ്ഞു കുടിച്ചു തുടങ്ങുമ്പോൾ വരുന്ന പാൽ, കുഞ്ഞിന്റെ ദാഹത്തെ ശമിപ്പിക്കാനും ശേഷം വരുന്ന കൊഴുപ്പു നിറഞ്ഞ പാൽ വിശപ്പ് അകറ്റാനും സഹായിക്കുന്നു. മാസം തികയാതെ പ്രസവിക്കുന്ന അമ്മമാർ ചുരത്തുന്ന പാൽ കുഞ്ഞിന്റെ ആവശ്യാനുസരണം കൂടുതൽ മാംസ്യവും ധാതുക്കളും കൊണ്ട് സമ്പന്നമാണ്.പുതിയ അമ്മമാർക്ക് തുടക്കത്തിൽ മുലയൂട്ടാൻ മറ്റൊരാളുടെ സഹായം വേണ്ടി വരാം. അമ്മയ്ക്കും കുഞ്ഞിനും ഒരേപോലെ സൗകര്യപ്രദമായ വിധത്തിൽ ഇരുന്നു വേണം പാലൂട്ടേണ്ടത്. നല്ല രീതിയിൽ പാൽ കുടിക്കുന്ന കുട്ടി വായ നന്നായി തുറക്കും. മുലക്കണ്ണും അതിന് ചുറ്റുമുള്ള ഭാഗവും കുഞ്ഞിന്റെ വായ്ക്കുള്ളിൽ ആയിരിക്കും. പരന്ന / ഉൾവലിഞ്ഞ മുലക്കണ്ണ്, മുലക്കണ്ണിൽ മുറിവ്, പാൽ കെട്ടി നിന്ന് മാറിടത്തിൽ വേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ ആദ്യഘട്ടത്തിൽ അമ്മമാർക്ക് ഉണ്ടാകാം. ചുരത്തുന്ന പാലിന്റെ അളവ് കുറവാണ് എന്ന് പല അമ്മമാർക്കും ആശങ്ക ഉണ്ടാകാറുണ്ട്. പാലു കുടിച്ചശേഷം കുഞ്ഞ് 2 – 3 മണിക്കൂർ നേരം ഉറങ്ങുന്നുണ്ട്, 6 – 8 തവണ മൂത്രം ഒഴിക്കുന്നുണ്ട്, ശരീരഭാരം കൂടുന്നുണ്ട് എങ്കിൽ കുഞ്ഞിന് ആവശ്യത്തിനു പാൽ കിട്ടുന്നുണ്ടെന്ന് അനുമാനിക്കാം.അമ്മയുടെയോ കുഞ്ഞിന്റെയോ ആരോഗ്യ പ്രശ്നങ്ങളാൽ മുലയൂട്ടാൻ കഴിയാതെ വന്നാൽ പാൽ പിഴിഞ്ഞെടുത്ത് കുഞ്ഞിനു നൽകാം. ഇങ്ങനെ എടുക്കുന്ന പാൽ 6 മണിക്കൂർ പുറത്തും 24 മണിക്കൂർ ഫ്രിഡ്ജിനുള്ളിലും സൂക്ഷിക്കാം. ആറ് മാസത്തിന് ശേഷം ജോലിക്കും മറ്റുമായി പോകുന്ന അമ്മമാർക്കും പാൽ ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് എടുത്ത് സൂക്ഷിക്കാവുന്നതാണ്.
Cinema ⏭️


