ഓണത്തിന് കുടയെടുക്കേണ്ടി വരുമോ? ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും; ഞായറാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച മുതൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്ക് കിഴക്കൻ മദ്ധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ന്യൂനമർദ്ദം തുടരുന്നതും വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശിനും മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതുമാണ് കേരളത്തിൽ മഴയ്ക്ക് കാരണമാകുന്നത്.
വടക്കൻ ആന്ധ്രാപ്രദേശ്–തെക്കൻ ഒഡിഷ തീരത്തിന് സമീപം മദ്ധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ഇന്നുമുതൽ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് കാരണമാക്കും. ഞായറാഴ്ച മുതൽ മഴ ശക്തമാകാനിടയുള്ളതിനാൽ വടക്കൻ ജില്ലകളായ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഞ്ഞ അലർട്ട്
23/08/2026 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
24/08/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
25/08/2026 : കോട്ടയം, ഇടുക്കി, എറണാകുളം
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
English Summary
The Central Weather Department forecasts strong rainfall for Kerala, with alerts beginning Sunday in various districts. Low pressure and cyclonic circulations are expected to cause light to moderate rain, intensifying from August 23. Yellow alerts are issued for northern districts on August 23, and central districts on August 24-25, indicating isolated heavy rainfall.
RELATED TOPICS: KERALA RAIN ALERT, RAIN, ONAM DURING RAIN, HEAVY RAINFALL, YELLOW ALERT KERALA
Read News ⏭️


