NEWS

മിർസ ആലംഗീർ ബംഗ്ലദേശ് പ്രസിഡന്റ്; ബിഎൻപിയുടെ മുതിർന്ന നേതാവ്


ധാക്ക ∙ ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ് മിർസ ഫക്രുൽ ഇസ്‌ലാം ആലംഗീർ (78) ബംഗ്ലദേശ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നരപ്പതിറ്റാണ്ടിനുശേഷമാണു രാജ്യത്തു പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പു നടന്നത്. ജമാഅത്തെ ഇസ്‌ലാമി നയിക്കുന്ന പ്രതിപക്ഷസഖ്യത്തിന്റെ സ്ഥാനാർഥിയായ റിട്ട. കേണൽ ഒലി അഹ്മദിനെതിരെയാണു മിർസ ആലംഗീറിന്റെ ജയം. ആലംഗീറിന് 255 വോട്ടുകളാണു ലഭിച്ചത്. ഒലി മുഹമ്മദിന് 85 വോട്ടും.ഇന്നു വൈകിട്ട് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേൽക്കും. ഭരണാധികാരമില്ലെങ്കിലും ബംഗ്ലദേശിൽ പ്രസിഡന്റ് രാഷ്ട്രത്തലവനും സായുധസേനയുടെ സർവസൈന്യാധിപനുമാണ്. പാർലമെന്റ് അംഗങ്ങളാണു പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ദീർഘകാലം ബിഎൻപിയുടെ സെക്രട്ടറി ജനറലായിരുന്നു മിർസ ആലംഗീർ. താരിഖ് റഹ്മാൻ സർക്കാരിൽ മന്ത്രിയായിരിക്കെയാണു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. 2023 ൽ ഷെയ്ഖ് ഹസീന നിയോഗിച്ച മുഹമ്മദ് ഷഹാബുദ്ദീൻ കാലാവധി തികയ്ക്കുംമുൻപ് കഴിഞ്ഞമാസം രാജിവച്ചതുകൊണ്ടാണ് തിര‍ഞ്ഞെടുപ്പു വേണ്ടിവന്നത്.ബംഗ്ലദേശ് രൂപീകൃതമായശേഷം അധ്യാപകനായി ജോലിയെടുത്തു. സർക്കാർ ജോലി രാജിവച്ചാണ് 1986 ൽ വീണ്ടും രാഷ്ട്രീയത്തിലെത്തിയത്. 2 വർഷത്തിനുശേഷം സ്വദേശമായ താക്കൂർഗാവിലെ മുൻസിപ്പൽ ചെയർമാൻ സ്ഥാനത്തേക്ക് സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ടു. 1990കളിൽ പ്രസിഡന്റ് ഹുസൈൻ മുഹമ്മദ് ഇർഷാദിനെതിരായ ദേശീയ പ്രക്ഷോഭകാലത്താണ് ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയിൽ (ബിഎൻപി) ചേർന്നത്. 2001 ൽ എംപിയായി.


Fashion ⏭️

Back to top button