NEWS
മെസ്സി വിവാദം: അർജന്റീന പറയാതെ മന്ത്രിയുടെ യെസ്!, വി.അബ്ദുറഹിമാന് എതിരെ കൂടുതൽ രേഖകൾ

തിരുവനന്തപുരം ∙ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങളിൽ മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്. കേരളത്തിൽ സൗഹൃദ മത്സരങ്ങൾ കളിക്കാൻ അർജന്റീന ടീം സമ്മതിച്ചെന്ന് അറിയിച്ച് 2024 ഫെബ്രുവരി 2നു മന്ത്രിയുടെ ഓഫിസ് അന്നത്തെ കായികവകുപ്പ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ച കുറിപ്പ് പുറത്തായി. അർജന്റീനയിൽനിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെയാണ് അബ്ദുറഹിമാൻ ടീമിന്റെ വരവ് പ്രഖ്യാപിച്ചത്. അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ കായികവകുപ്പിനു നൽകിയ ഈ കുറിപ്പിന്റെ ചുവടുപിടിച്ചാണു മന്ത്രിയും സംഘവും ടീമിനെ ക്ഷണിക്കാനെന്ന പേരിൽ സ്പെയിൻ സന്ദർശിച്ചതും പദ്ധതിക്കു സ്പോൺസറെ കണ്ടെത്തിയതുമെല്ലാം.മന്ത്രിയും അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) പ്രതിനിധിയുമായി നടത്തിയ ഇ–മെയിൽ സന്ദേശങ്ങളുടെ പകർപ്പാണ് ഇതിനൊപ്പം സമർപ്പിച്ചത്. ഈ സന്ദേശങ്ങളിലൊന്നും കേരളത്തിൽ എത്തുമെന്ന് അർജന്റീന ടീം ഉറപ്പുനൽകുന്നില്ല. എഎഫ്എ പ്രതിനിധികളുമായി 2 വർഷം അബ്ദുറഹിമാൻ തന്റെ ഇ–മെയിലിലൂടെയാണു കത്തിടപാടുകൾ നടത്തിയത്. പിന്നീട് ചില കത്തുകൾ ഫയലിൽ ചേർത്തെങ്കിലും ഭൂരിഭാഗവും കാണാനില്ല. അർജന്റീന വിഷയത്തിൽ കരാറോ ധാരണാപത്രമോ കായികവകുപ്പിന്റെ പക്കലില്ലെന്നാണു സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് സർക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.സ്പോൺസർ 126 കോടി വിദേശത്തേക്ക് അയച്ചതിന് 22.6 കോടിയാണു നികുതി അടയ്ക്കേണ്ടിയിരുന്നത്. അർജന്റീന ടീം എത്താത്തതിനാൽ നികുതിത്തുക സ്പോൺസർക്കു കിഴിവുചെയ്തു കിട്ടും. എന്നാൽ, ഒരു വർഷം മുൻപ് അടയ്ക്കേണ്ട നികുതിയുടെ പലിശയും പിഴയും ഇൗടാക്കും. ലീഗൽ ഫീസിന്റെ ജിഎസ്ടിയും പണം സമാഹരിക്കുന്നതിനായി നികുതി ബാധ്യതകളുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ജിഎസ്ടിയും സ്പോൺസർ നൽകേണ്ടതായിരുന്നു. ഇക്കാര്യത്തിൽ ഇനി എന്തു നടപടി വേണമെന്ന് വകുപ്പാണ് തീരുമാനിക്കേണ്ടത്. ജിഎസ്ടി വകുപ്പിന്റെ അധികാര പരിധിയിൽ വരാത്ത കണ്ടെത്തലുകൾ ഉണ്ടെങ്കിൽ അവ ആദായനികുതി വകുപ്പിനും ഇ.ഡിക്കും കൈമാറും.
Fashion ⏭️


