NEWS
ഒരു വർഷം ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെ 5,567 പ്രൊസീജ്യറുകൾ; റെക്കോർഡ് നേട്ടവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്

കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഹൃദ്രോഗ വിഭാഗത്തിൽ ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെ കഴിഞ്ഞ ഒരു വർഷം ചെയ്തത് 5,567 പ്രൊസീജ്യറുകൾ. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് കഴിഞ്ഞാൽ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കാർഡിയോളജി പ്രൊസീജ്യർ ചെയ്ത ആശുപത്രിയെന്ന നേട്ടം കോഴിക്കോട് മെഡിക്കൽ കോളജിനാണ്. ഇതിൽ 980 എണ്ണവും പ്രൈമറി ആൻജിയോപ്ലാസ്റ്റി ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലെത്തിയ രോഗികൾക്കാണ് പ്രൈമറി ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത്. ഇവിടെ പ്രൈമറി ആൻജിയോപ്ലാസ്റ്റി ചെയ്യാൻ തുടങ്ങിയിട്ടു എട്ടു വർഷമായെങ്കിലും അതു 24 മണിക്കൂറും ആക്കിയിട്ട് നാലു വർഷമായി. ഇതേ തുടർന്ന് ഒട്ടേറെ രോഗികളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്.രണ്ട് കാത്ത് ലാബ് ആണ് ഇവിടെയുള്ളത്. ഇതിനു പുറമേ മൂന്നാമതൊരു കാത്ത് ലാബ് സ്ഥാപിക്കാനുള്ള പ്രവർത്തനം കൂടി പുരോഗമിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്ന് ഗുരുതര അവസ്ഥയിൽ എത്തുന്ന രോഗികളെ അത്യാഹിത വിഭാഗത്തിൽ നിന്ന് നേരെ സൂപ്പർ സ്പെഷൽറ്റിയിലെ ഹൃദ്രോഗ വിഭാഗം ഐസിയുവിലേക്കാണ് പ്രവേശിപ്പിക്കുന്നത്. ഒരു ദിവസം ശരാശരി അഞ്ചു മുതൽ 10 വരെ പേരാണ് ഹൃദയാഘാതത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിക്കുന്നത്.ഇവരിൽ ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് അതു പ്രകാരവും അല്ലാത്തവർക്ക് സ്റ്റെന്റിന്റെ തുക ഈടാക്കിയും അടിയന്തരമായി ആൻജിയോപ്ലാസ്റ്റി ചെയ്ത് ഹൃദയധമനിയിലെ തടസ്സങ്ങൾ നീക്കി രക്തയോട്ടം പൂർവ സ്ഥിതിയിലാക്കുകയാണ് ചെയ്യുന്നത്.∙ സർക്കാരിന്റെയും പ്രിൻസിപ്പൽ, സൂപ്രണ്ട്, ജീവനക്കാർ എന്നിങ്ങനെ എല്ലാവരുടെയും പിന്തുണ കൊണ്ടാണ് ഇത്തരമൊരു നേട്ടം കൈവരിക്കാനായത്. ഒരു കൂട്ടായ പ്രവർത്തനമാണ് ഇതിനു സഹായകമായത്. അതീവ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ട്. – ഡോ. ജി.രാജേഷ് (ഗവ. മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗം മേധാവി).
Fashion ⏭️


