NEWS
കോയമ്പത്തൂരിൽ നിന്നു വിമാനം വഴി ഗൾഫ് രാജ്യങ്ങളിലേക്ക് പൂക്കളുടെ കയറ്റുമതി; ഓണം കൂടുതൽ കളറാകും

കോയമ്പത്തൂർ∙ മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന തിരുവോണത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ തമിഴ്നാട്ടിൽ നിന്നു പൂക്കൾ അതിർത്തി കടന്നു തുടങ്ങി. ജില്ലയിൽ പലയിടങ്ങളിലായി പൂക്കൃഷി വ്യാപിച്ചിട്ടുണ്ടെങ്കിലും കോയമ്പത്തൂർ തൊണ്ടാമുത്തൂർ ഭാഗങ്ങളിലാണു വ്യാവസായികരീതിയിൽ ചെണ്ടുമല്ലിയും ജമന്തിയും പാടങ്ങളിൽ വിരിഞ്ഞു നിൽക്കുന്നത്. ഓണം മുന്നിൽക്കണ്ടു മാത്രം മാസങ്ങൾക്കു മുൻപേ വടിവേലം പാളയം, മോളപ്പാളയം, മംഗലപ്പാളയം, നരസിപുരം എന്നിവിടങ്ങളിൽ ചെണ്ടുമല്ലി, കോഴിപ്പൂവ്, വാടാമല്ലി ഇനങ്ങൾ കർഷകർ കൃഷിയിറക്കുന്നുണ്ട്. വടിവേലം പാളയം ഭാഗത്ത് 250 ഏക്കറോളം സ്ഥലത്താണു പൂക്കൃഷി വ്യാപിച്ചു കിടക്കുന്നത്. ചിങ്ങമാസം മുഴുവൻ നീളുന്ന പൂവിടൽ അത്തം തൊട്ട് തിരുവോണം വരെയായതോടെ നാളുകൾ കണക്കാക്കിയാണു കൃഷിയും ചെയ്യുന്നതെന്നു കർഷകർ പറഞ്ഞു.കഴിഞ്ഞ വർഷം എല്ലാത്തരം പൂക്കൾക്കും ശരാശരി കിലോയ്ക്ക് 100 രൂപയെങ്കിലും ലഭിച്ചപ്പോൾ ലാഭകരമായിരുന്നു. ഇത്തവണ ദിണ്ടുക്കലിൽ നിന്നു കൂടുതൽ പൂക്കൾ കേരളത്തിലേക്ക് എത്തിക്കുന്നതിനാൽ കോയമ്പത്തൂരിലെ പൂക്കൾക്കു മൊത്തവിലയിൽ വൻ കുറവാണ് അനുഭവപ്പെടുന്നത്. ചെണ്ടുമല്ലി കിലോഗ്രാമിന് 60 രൂപയ്ക്കും വാടാമല്ലി 50 രൂപയ്ക്കുമാണു ചന്തയിലെത്തിക്കുന്നതെന്ന് ഇവർ പറഞ്ഞു.
Fashion ⏭️


