NEWS
മരിച്ചവർക്കു ഗതികിട്ടാത്ത ഇടമായി തൃശൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറി; എന്താണു പ്രശ്നം?

മുളങ്കുന്നത്തുകാവ് ∙ മരിച്ചവർക്കു ഗതികിട്ടാത്ത ഇടമായി തൃശൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറി. മൃതദേഹങ്ങൾ സൂക്ഷിക്കാനിടമില്ലാതെ ചേംബറുകൾ നിറഞ്ഞതോടെ രണ്ടു മൃതദേഹങ്ങൾ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചവരുടെ മൃതദേഹങ്ങളാണിത്. ഇനി മരണങ്ങൾ സംഭവിച്ചാലും ഗതി ഇതു തന്നെ. മൃതദേഹങ്ങൾ സൂക്ഷിക്കാൻ പ്രവർത്തനയോഗ്യമായ 29ൽ 27 ചേംബറുകൾ ഇന്നും നിറഞ്ഞ നിലയിലാണ്.എന്താണു പ്രശ്നം? അനാഥരുടെയും ബന്ധുക്കൾ ഏറ്റെടുക്കാൻ എത്താത്തവരുടെയും മൃതദേഹങ്ങൾ മോർച്ചറിയിലെ ചേംബറുകളിൽ നാളുകളായി നിറഞ്ഞിരിക്കുന്നതാണു പ്രശ്നകാരണം. മൂന്നു മാസം വരെ പഴകിയ മൃതദേഹങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ബന്ധുക്കൾക്കു തിരിച്ചറിയാനും ഏറ്റുവാങ്ങാനും മൂന്നു ദിവസം വരെ മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിക്കണമെന്നു മാത്രമാണു വ്യവസ്ഥ. ഈ സമയത്തിനകം അവകാശികൾ അന്വേഷിച്ചെത്തിയില്ലെങ്കിൽ മൃതദേഹം സംസ്കരിക്കാൻ നടപടികൾ സ്വീകരിക്കാം. മെഡിക്കൽ കോളജ് പൊലീസ് ആണ് ഇക്കാര്യത്തിൽ എൻഒസി നൽകേണ്ടത്. മൃതദേഹങ്ങൾ ഏറ്റെടുത്തു സമയബന്ധിതമായി സംസ്കരിക്കേണ്ടത് അവണൂർ പഞ്ചായത്ത് സെക്രട്ടറിയാണ്. എന്നാൽ, 3 മാസമായി നടപടികൾ ഫ്രീസറിലാണ്.ഇനിയെന്തു വഴി? മെഡിക്കൽ കോളജിൽ ദിവസവും 10 മുതൽ 12 വരെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തുന്നുണ്ട്. പോസ്റ്റ്‌മോർട്ടം 24 മണിക്കൂർ ആക്കി മാറ്റുന്നതോടെ ഫൊറൻസിക് വിഭാഗത്തിനു കൈകാര്യം ചെയ്യേണ്ടി വരുന്ന മതദേഹങ്ങളുടെ എണ്ണം ഇനിയും വർധിക്കും. സ്കാനിങ്, എക്സ് റേ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ കീറിമുറിക്കാതെ മൃതദേഹ പരിശോധന നടത്തി പോസ്റ്റ്‌മോർട്ടം (വെർച്വോപ്‌സി) നടപടികൾ വേഗത്തിലാക്കാൻ നടപടികൾ പുരോഗമിക്കുന്നത്. ഇതു പ്രാവർത്തികമാകുന്നതോടെ മൃതദേഹം സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ആശുപത്രിയിൽ വർധിപ്പിക്കേണ്ടി വരും. ആശുപത്രിയിലും മോർച്ചറിയിലുമായി മൃതദേഹങ്ങൾ സൂക്ഷിക്കാൻ 30 കോൾഡ് ചേംബറുകളാണ് ആകെയുള്ളത്. ഇതിൽ ഒരെണ്ണം പ്രവർത്തനരഹിതമാണ്. ചുരുങ്ങിയത് 50 ചേംബറുകളെങ്കിലും ആശുപത്രിയിൽ വേണമെന്ന നിലപാടിലാണ് ഫൊറൻസിക് വിഭാഗം.
Fashion ⏭️


