‘പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപവൈകൃതം, ഓക്കാനം വരുന്ന കലാരൂപം ലോകത്തൊരിടത്തും കാണില്ല’

വി കെ ശ്രീരാമൻ
തൃശൂർ: തൃശൂരിലെ പരമ്പരാഗത രൂപമായ പുലിക്കളിയെ വിമർശിച്ചുകൊണ്ട് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന് വ്യാപക വിമർശനം. കണ്ടാൽ ഓക്കാനം വരുന്ന കലാ വൈകൃതം ഒരിടത്തും ഉണ്ടാകില്ലെന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്. പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നാണ് കുറിപ്പിൽ അദ്ദേഹം പരാമർശിച്ചിരിക്കുന്നത്.
ഫേസ്ബുക്കിലിട്ട പോസ്റ്റിന് പിന്നാലെ ശ്രീരാമനെതിരെ രൂക്ഷ വിമർശനം ഉയർന്നെങ്കിലും നിലപാടിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം പ്രതികരിച്ചു. പുലിക്കളി സംഘങ്ങൾ അദ്ദേഹത്തിനെതിരെ രംഗത്തുവന്നു. ‘പുലിക്കളി പലർക്കും ജീവിത മാർഗമാണെന്നും സിനിമയിൽ അഭിനയിക്കുമ്പോൾ കലാകാരന്മാർ രൂപമാറ്റം വരുത്തുന്നതിനെക്കുറിച്ച് അഭിപ്രായമില്ലേ’ എന്നും ചോദിച്ചുകൊണ്ട് പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് പങ്കുവച്ചിരിക്കുന്നത്. ഒരു ചിത്രത്തിനൊപ്പമാണ് വി കെ ശ്രീരാമൻ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ‘ചിത്രത്തിൽ പുലിക്കളിക്കളരി’ എന്ന രീതിയിൽ ആക്ഷേപഹാസ്യവും തലക്കെട്ടായി നൽകിയിട്ടുണ്ട്.
വി കെ ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്.
ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല.
ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തിൽ ‘ശാർദൂലവിക്രീഡിതം ‘ എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണ്
സുബ്രൻസാമി പറയുന്നത്.
അതാണൊരാശ്വാസം.
ചിത്രത്തിൽ പുലിക്കളിക്കളരി’
RELATED TOPICS: V K SREERAMAN, PULIKKALI, FACEBBOK POST, ONAM CELEBRATION, VK SREERAMAN FACEBOOK POST PULIKKALI
Read News ⏭️


